സൂരജ് ടോം ഒരുക്കുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി ചിത്രീകരണം പുരോഗമിക്കുന്നു

','

' ); } ?>

പ്രേക്ഷകശ്രദ്ധ നേടിയ പാവ, എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ സിനിമകള്‍ക്ക് ശേഷം യുവ സംവിധായകന്‍ സൂരജ് ടോം ഒരുക്കുന്ന ബെറ്റര്‍ ഹാഫ് വെബ് മൂവി ചിത്രീകരണം പുരോഗമിക്കുന്നു. യഥാര്‍ത്ഥസംഭവങ്ങളെ പ്രമേയമാക്കി ചിത്രീകരിക്കുക സിനിമയില്‍ പതിവാണ് .എന്നാല്‍ ആ രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി നടന്ന സംഭവത്തെ അതേ ഭാവ തീവ്രതയോടെ ആവിഷ്‌ക്കരിക്കുകയാണ് ഈ വെബ് മൂവിയിലൂടെ.

ഒരു കുടുംബത്തിന്റെ യഥാര്‍ത്ഥചിത്രം ആവിഷ്‌ക്കരിക്കുകയും കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്റെയും മൂല്യങ്ങളുമാണ്ചിത്രം മുന്നോട്ട് വെയ്ക്കുന്നത്. പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരും ചോര്‍ന്ന് പോകാതെയുള്ള ആവിഷ്‌ക്കാരം.

ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്റെ ബാനറില്‍ ഡോ. പി ജി വര്‍ഗ്ഗീസാണ് ബെറ്റര്‍ ഹാഫ് നിര്‍മ്മിക്കുന്നത്. പാവ , വികൃതി എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ അജീഷ് പി തോമസിന്റേതാണ് തിരക്കഥ. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാഫിക്, മേല്‍വിലാസം, പള്ളിക്കൂടം പോകാമലെ (തമിഴ് മൂവി) എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാംസണ്‍ കോട്ടൂരിന്റേതാണ് ബെറ്റര്‍ ഹാഫിന്റെ സംഗീതവും പശ്ചാത്തല സംഗീതവും.

പാവ , മേരാനാം ഷാജി, മംഗല്യം തന്തുനാനേ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയനായ ജോമോന്‍ കെ ജോണ്‍ ആണ് ബെറ്റര്‍ ഹാഫിലെ നായകന്‍. പുതുമുഖ താരം മേഘ തോമസാണ് നായിക. രമേശന്‍, ഡോ റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചു വരുന്ന ബെറ്റര്‍ ഹാഫ് രണ്ട് ഷെഡ്യൂളുകളിലാണ് പൂര്‍ത്തീകരിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്.