ഏറെ നാളുകള്‍ക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നല്കി സംവിധായകന് ടി.കെ രാജീവ്കുമാര്‍ ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ബര്‍മുഡ’, നവംബര്‍ 11ന് റിലീസ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് നിര്‍മാതാക്കള്‍. വലിയ താരനിരയുള്ള ചിത്രം ആസ്വാദകര്‍ക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്ന ചിത്രമാണ്. ഇതുവരെ പുറത്തിറക്കിയ വേറിട്ട ടീസറുകള്‍ നല്കുന്ന പ്രതീക്ഷയും ചെറുതല്ല. നവാഗതനായ കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന.
സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ‘ബര്‍മുഡ’ നിര്‍മിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ ‘ബര്‍മുഡ’ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനില്ക്കുന്നു. ഈ ഗാനത്തിനായി ഹംഗറിയിലെ ബുഡാ പെസ്റ്റില്‍ നിന്നുള്ള നാല്പതോളം വരുന്ന കലാകാരന്മാര് ചേര്‍ന്നാണ് ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചത്. സംഗീതഞ്ജന്‍ രമേഷ് നാരായണന് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രമുഖ ഛായാഗ്രഹകന് അഴകപ്പന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകര്‍ പ്രസാദ് നിര്‍വഹിക്കുമ്പോള്‍ കലാസംവിധാനം ദിലീപ് നാഥാണ് ഒരുക്കുന്നത്.വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്
ഉല്ലാസമാണ് ഷെയിന്‍ നിഗം നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.നവാഗതനായ ജീവന് ജോജോ സംവിധാനം ചെയ്ത ചിത്രമാണ് ഉല്ലാസം. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ. അരവിന്ദന്റെ പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായികയായെത്തിയത്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ഈണം പകര്‍ന്നു.