
മലയാള സിനിമയിലെ ഒറ്റയാൾ പ്രസ്ഥാനത്തിന്റെ അമരക്കാരൻ ബാലചന്ദ്രമേനോന്റെ സിനിമാ ജീവിതം 50 വർഷം പൂർത്തിയായിരിക്കുകയാണ്.
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, സംഗീതസംവിധായകൻ, എഡിറ്റർ, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ എല്ലാമേഖലയിലും
തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്.
1975-ൽ സിനിമാ ജേണലിസ്റ്റായി നടന്നുവന്നിരുന്ന ഈ യുവാവ്, ദേശീയ പുരസ്കാരവും പദ്മശ്രീയും അടക്കം സ്വന്തമാക്കിയത് മാറ്റുരയ്ക്കാത്ത നേട്ടങ്ങളാണ്. ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി രചിച്ച് സംവിധാനം ചെയ്ത് അഭിനയിച്ചതിന് അദ്ദേഹത്തിന് 2018-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം ലഭിച്ചിട്ടുമുണ്ട്. പാശ്ചാത്യവത്കരണത്തിനെതിരെ മലയാളത്തനിമയെ ഉയർത്തിക്കാട്ടുന്നവയായിരുന്നു മേനോൻ സിനിമകൾ എന്നതാണ് കൂടുതൽ ശരി. മലയാള സിനിമയിലെ സമഗ്ര പ്രതിഭയുടെ അര നൂറ്റാണ്ട് സിനിമ അജീവിതം ആഘോഷമാക്കാനൊരുങ്ങുകയാണ് സുഹൃത്തുക്കളും ആരാധകരും. റോസ് ദി ഫാമിലി ക്ലബ്’ അധ്യക്ഷസ്ഥാനം വഹിക്കുന്ന കൂട്ടുകാർ സംഘടിപ്പിക്കുന്ന 50-ാം വർഷാഘോഷം നവംബർ 29-ന് ടാഗോർ തിയേറ്ററിൽ വൻ ചടങ്ങുകളോടെ നടക്കും. അതേ ദിവസം മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി തന്റെ അനുഭവങ്ങളും ഓർമ്മകളും ബാലചന്ദ്രമേനോൻ പങ്കുവെക്കുകയും ചെയ്യും.
നാനാ സിനിമാ വാരികയുടെ റിപ്പോർട്ടറായി 1975-ൽ വെള്ളിത്തിരയുടെ പാതയിലേക്ക് കടന്നുവന്ന ബാലചന്ദ്രമേനോൻ, കാണാനും കേൾക്കാനും പഠിക്കാനുമുള്ള മനസ്സോടെയായിരുന്നു സഞ്ചാരം. ആ യാത്ര എത്തിച്ചേർന്നത് തന്റെ സ്വന്തം സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലോകത്തേക്കായിരുന്നു. 1978-ൽ പുറത്തിറങ്ങിയ ‘ഉത്രാടരാത്രി’ ആണ് ആദ്യസംവിധാനം. അതോടെ മലയാള സിനിമയിൽ ‘ബാലചന്ദ്രമേനോൻ ഇറക്ക് തുടക്കമായി. ജീവിതത്തിന്റെ ചെറുകഥകളെ ഉയർത്തിപ്പിടിക്കുന്ന, വികാരനിർഭരവും രസകരവുമായ ‘ആരോഹണ–അവരോഹണ’ ശൈലിയിലുള്ള സംഭാഷണങ്ങൾ, കുടുംബ ജീവിതത്തെ സുന്ദരമായി പ്രതിഫലിക്കുന്ന കഥകൾ, ഇതെല്ലാം ചേർന്ന് മേനോനെ മലയാളത്തിന്റെ സ്വന്തം സംവിധായകനാക്കി.
നാടകം, വികാരം, യാഥാർത്ഥ്യം, സ്നേഹം, കുടുംബം അങ്ങനെ മേനോന്റെ സിനിമകൾ എല്ലാം മലയാളത്തിന്റെ ജീവിതാനുഭവങ്ങളാണ്. ‘ഇഷ്ടമാണ് പക്ഷേ’, ‘ചിരിയോ ചിരി’, ‘കാര്യം നിസ്സാരം’, ‘ആരാന്റെ മുല്ല കൊച്ചുമുല്ല’, ‘ഏപ്രിൽ 18’, ‘കുറുപ്പിന്റെ കണക്കുപുസ്തകം’, ‘അമ്മയാണെ സത്യം’ തുടങ്ങി അനവധി ഹിറ്റുകളിലൂടെ മലയാളിയുടെ വീട്ടിലെ നായകനായി മാറാൻ ബാലചന്ദ്രമേനോന് അധികം സമയമെടുക്കേണ്ടി വന്നില്ല.
രണ്ടു സംസ്ഥാന അവാർഡുകളും, രാഷ്ട്രപതി പുരസ്കാരവും, പദ്മശ്രീയും ഇതെല്ലാം കരസ്ഥമാക്കിയെങ്കിലും, ഒരു പുതിയ സിനിമയുടെ ചിന്ത ഇപ്പോഴും മനസ്സിൽ തഴച്ചു നിൽക്കുന്നുവെന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്. ബി. ഉണ്ണികൃഷ്ണന്റെ ചിത്രത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ബാലചന്ദ്ര മേനോൻ.
1998-ൽ പുറത്തിറങ്ങിയ ‘സമാന്തരങ്ങൾ’ മേനോന്റെ കരിയറിലെ മറ്റൊരു ഉയർച്ചയാണ്. ഇസ്മായിൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും രചനയും സംവിധാനവും നിർവ്വഹിച്ചും അദ്ദേഹം മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. മലയാളത്തിലെ സമാന്തര സിനിമാ രംഗത്ത് തന്റെ പേരും വ്യക്തിത്വവും പതിപ്പിക്കാൻ ഈ ചിത്രം സഹായിച്ചു. ഫാസിലിനും പത്മരാജനും സമാനമായി, ബാലചന്ദ്രമേനോനും മലയാള സിനിമയ്ക്കായി അനവധി പുതുമുഖങ്ങളെ ഒരുക്കിയ സംവിധായകനാണ്. ശോഭന (‘ഏപ്രിൽ 18’), പാർവതി (‘വിവാഹിതരെ ഇതിലേ ഇതിലേ’), കാർത്തിക (‘മണിച്ചെപ്പ് തുറന്നപ്പോൾ’), ആനി (‘അമ്മയാണെ സത്യം’), മണിയൻപിള്ള രാജു (‘മണിയൻപിള്ള അഥവാ മണിയൻപിള്ള’) ഇതിലൊക്കെ മേനോന്റെ സൂഷ്മ ദൃഷ്ടിയുടെ ചെറുപാതകളും കരുതലും ഉണ്ട്. മലയാളം സിനിമയ്ക്ക് പുതു തലമുറകളെ പരിചയപ്പെടുത്തുന്നതിൽ മേനോന്റെ പങ്ക് അതുല്യമാണ്.
1954 ജനുവരി 11-ന് കൊല്ലത്ത് ശിവശങ്കരപ്പിള്ള, ലളിതാദേവി ദമ്പതികൾക്കാണ് ബാലചന്ദ്രമേനോൻ ജനിച്ചത്. കൊല്ലം ഫാത്തിമ മാതാ കോളേജിൽ പഠിച്ചതിനുശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഭൂഗർഭശാസ്ത്രത്തിൽ ബിരുദം നേടി. കുട്ടിക്കാലം മുതൽ തന്നെ കലാരംഗത്തുള്ള താൽപര്യം സിനിമയിലേക്കുള്ള വഴിയെ കൂടുതൽ ഉറപ്പിക്കുകയായിരുന്നു. സിനിമയുടെ എല്ലാ മേഖലകളിലും ഒറ്റയ്ക്കു ചുവടുവെച്ച്, മലയാളിയുടെ കുടുംബജീവിതം വെള്ളിത്തിരയിൽ മനുഷ്യഗന്ധത്തോടെ വരച്ചുകാട്ടിയ ബാലചന്ദ്രമേനോൻ, ഇന്നും ഒരു ഓൾറൗണ്ടറിന്റെ പ്രതാപത്തോടെ മുന്നേറുന്നു. മലയാള സിനിമയുടെ നാളെയിലും അതിന്റെ ചരിത്രത്തിലും അദ്ദേഹത്തിന്റെ പേര് ഒരിക്കലും മാഞ്ഞുപോകില്ല,കരുത്തുറ്റ ഒരു സൃഷ്ടിപരമായ പ്രസ്ഥാനമായി അത് നില നിൽക്കും.