നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി 21 ന് കോടതി പരിഗണിക്കും. കേസില്‍ മാപ്പു സാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപണം. കേസില്‍ മറ്റ് പ്രതികളായ സുനില്‍കുമാര്‍, മണികണ്ഠന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
വിപിന്‍ലാലിനു ജാമ്യം നല്‍കിയതു സംബന്ധിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ നാളെ കോടതി വിധിപറയും. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ തനിക്ക് നേരെ ഭീഷണി ഉണ്ടെന്നും വന്‍ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന് വിളിക്കപ്പെടുന്ന സുനില്‍കുമാറുണ്ടായിരുന്ന കാക്കനാട് സബ് ജയിലില്‍ സിനിയോടൊപ്പം സെല്ലിലുണ്ടായിരുന്ന റിമാന്‍ഡ് തടവുകാരനായിരുന്നു ചങ്ങനാശ്ശേരി തൃക്കാടിത്താം സ്വദേശിയായ വിപിന്‍ലാല്‍. ഒരു ചെക്ക് കേസില്‍പെട്ടാണ് വിപിന്‍ലാല്‍ ജയിലിലാവുന്നത്.
തനിക്ക് തരാനുള്ള പണം തരണമെന്നാവശ്യപ്പെട്ട് ദിലീപിന് സുനില്‍ കുമാര്‍ ജയിലില്‍ വെച്ച് അയച്ച കത്ത് എഴുതിക്കൊടുത്തത് വിപിന്‍ലാലായിരുന്നു. കത്ത് പൊലീസിന്റെ കൈയ്യിലെത്തിയതോടെ വിപിന്‍ലാലും പ്രതി ചേര്‍ക്കപ്പെട്ടു. പിന്നീട് അന്വേഷണത്തിനിടെ ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു. 2018 ല്‍ ജാമ്യത്തിലിറങ്ങിയ വിപിന്‍ലാലിനെ മൊഴിമാറ്റാന്‍ വേണ്ടി നരന്തരം ഭീഷണിയുണ്ടെന്ന് വിപിന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.