
ഏറ്റവും പുതിയ ചിത്രം ‘ജാക്കിന്’ മോശം പ്രതികരണവും, വിമർശനങ്ങളും വന്നതിനു പിന്നാലെ നടൻ സിദ്ധു ജൊന്നലഗദ്ദ പ്രതിഫല തുക തിരിച്ച് നൽകി. ചിത്രത്തിന്റെ നിർമാതാവിന്റെ ടീം എക്സിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ചിത്രത്തിനായി വാങ്ങിയ പ്രതിഫലത്തിന്റെ പകുതി ഏകദേശം 4.75 കോടി ജൊന്നലഗദ്ദ നിർമാതാവായ ബിവിഎസ്എൻ പ്രസാദിന് തിരിച്ചുനൽകിയത്.
ഭാസ്കർ സംവിധാനം ചെയ്ത ജാക്ക് ഒരു ആക്ഷൻ കോമഡി ചിത്രമായിട്ടാണ് ഒരുങ്ങിയത്. ആദ്യ ഷോ കഴിഞ്ഞത് മുതൽ സിനിമയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ട്രോളുകൾക്ക് ഇരയായിരുന്നു. ഇതിനെത്തുടർന്നാണ് നടൻ പ്രതിഫല തുക തിരിച്ചുനൽകിയത്. ഏപ്രിൽ 10 ന് പുറത്തിറങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 8.29 കോടി മാത്രമാണ്. ഇതിൽ 7.91 കോടി ഇന്ത്യയിൽ നിന്നും 0.38 കോടി വിദേശ മാർക്കറ്റുകളിൽ നിന്നുമാണ് നേടിയത്.
ടില്ലു, ടില്ലു സ്ക്വയർ തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് സിനിമാപ്രേമികളുടെ മനംകവർന്ന നായകനാണ് സിദ്ധു ജൊന്നലഗദ്ദ. നടന്റേതായി നേരത്തെ പുറത്തുവന്ന സിനിമകളൊക്കെയും വലിയ വിജയമാണ് നേടിയത്. ഇതിൽ 100 കോടി സിനിമകളും ഉൾപ്പെടും. ശ്രീ വെങ്കിടേശ്വര സിനി ചിത്രയുടെ ബാനറിൽ ബിവിഎസ്എൻ പ്രസാദ് ആണ് സിനിമ നിർമ്മിച്ചത്. വൈഷ്ണവി ചൈതന്യ, രാഹുൽ ദേവ്, പ്രകാശ് രാജ്, നരേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ഒടിടിയിലും സിനിമയ്ക്ക് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഭാസ്കർ തന്നെയാണ് സിനിമയ്ക്കായി കഥയും തിരക്കഥയും ഒരുക്കിയത്.