
അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ. അമ്മയിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും സംഘടനയെ ബാബു രാജ് കൈപ്പിടിയിലൊതുക്കുവാൻ ശ്രമിക്കുന്നുവെന്നുമാണ് അനൂപ് ചന്ദ്രന്റെ ആരോപണം. അമ്മയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച വീഡിയോയിലാണ് അനൂപ് ചന്ദ്രന്റെ പ്രതികരണം. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ആരോപണ വിധേയരായ ആളുകൾ എല്ലാം അവരുടെ സാംസ്കാരിക ബോധം കൊണ്ടും, മൂല്യം കൊണ്ടും ഇലക്ഷനിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചപ്പോൾ നടൻ ബാബുരാജ് ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ്. ബലാത്സംഗ കേസിൽ മുൻ കൂർ ജാമ്യത്തിൽ നിൽക്കുന്ന വ്യക്തിയാണോ ഇത്രയും ശ്രേഷ്ഠമായ ഒരു സംഘടനയെ നയിക്കേണ്ടത്?. നാളെ പൊതു സമൂഹം ‘അമ്മയുടെ നിലവാരം ഇത്രയ്ക്ക് താഴ്ന്നു പോയോ എന്ന് ചോദിച്ചാൽ നമുക്കുത്തരമില്ല. എനിക്കുറപ്പുണ്ട് ബാബുരാജ് സ്വമേധയാ മാറി നിലയ്ക്കാത്തത് അമ്മയുടെ തലപ്പത്തേക്ക് വരുന്നതിലൂടെ അദ്ദേഹത്തിന് ചില സ്വാർത്ഥ താൽപ്പര്യങ്ങൾ ഉണ്ട് എന്നാണ്. അനൂപ് ചന്ദ്രൻ പറഞ്ഞു.
അദ്ദേഹത്തിന്റെ ഇതുവരെ ഉള്ള ചെയ്തികൾ വെളുപ്പിക്കണം അതിനൊരു കസേര വേണം, അത് അമ്മയുടെ കസേര തന്നെയാണ്. ഇതിനു ബാബുരാജ് ആദ്യം ചെയ്തത് സിൽബന്ധി രാഷ്ട്രീയമാണ്. അതായത് സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകളെ നാവായി ഉപയോഗിക്കുകയാണ് ചെയ്തത്. അതിൽ സ്ത്രീകളും ഉണ്ട്. ഇവരുടെ പ്രധാനമായുമുള്ള പരിപാടി സിനിമയെ കുറിച്ച് ആഴത്തിലും ആധികാരികവുമായുള്ള അറിവുള്ളവർ പരിഹസിക്കുക എന്നാണ്. ഇവരാൽ അപഹസിക്കപെട്ടവരാണ് കുക്കു പരമേശ്വരൻ, അനന്യ, സരയൂ, ശ്വേതാ മേനോൻ, തുടങ്ങിയവർ. ബാബുരാജിന്റെ സിൽബന്ധികളിൽ ഏറ്റവും പ്രധാനമായുള്ള വ്യക്തിയാണ് അൻസിബ. ആ ആകുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് കൊടുത്ത മറുപടി എനിക്ക് ഒരുപാട് വേദനയുണ്ടാക്കി. ആ കുട്ടി ഒരു കാര്യം മനസ്സിലാക്കണം രാഷ്ട്രീയക്കാരാരും ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യമെടുത്തിരിക്കുന്ന ആൾക്കാരല്ല. അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു
നടി മാലാ പാർവതിയും നടൻ ബാബുരാജിനെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയിരുന്നു. അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയനായ നടൻ ബാബുരാജ് മാറി നിൽക്കാത്തത് കൊണ്ടാണ് നടൻ മോഹൻലാൽ സംഘടനയിൽ നിന്ന് രാജി വയ്ക്കാൻ തീരുമാനിച്ചതെന്നായിരുന്നു മാലയുടെ അഭിപ്രായം.