
കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ മർദിച്ചതായി പരാതി.ഫോട്ടോഗ്രാഫർ സജീവൻ നായരാണ് പൊലീസിൽ പരാതി നൽകിയത്. ജയസൂര്യയുടെ കൂടെ വന്നയാളുകൾ കയ്യേറ്റം ചെയ്‍തു എന്നാണ് പരാതി. പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ കൂടിയാണ് സജീവൻ നായർ.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍. ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തത്. ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് വിലക്കുകയും ക്യാമറയ്‍ക്ക് നേരെ കയ്യുയര്‍ത്തുകയും ചെയ്യുകയായിരുന്നു. സജീവനെ മര്‍ദ്ദിക്കുകയും ചെയ്‍തുവെന്നാണ് അറിയാൻ കഴിയുന്നത്. സജീവൻ കൊട്ടിയൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയും കൊട്ടിയൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.