
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് ‘കിരാതയെന്ന്’ വ്യക്തമാക്കി ചിത്രത്തിലെ നടീ നടന്മാരായ അൻവറും അതുല്യയും. “മലയാളത്തിൽ അധികം ആരും ചർച്ച ചെയ്യാത്ത “നരബലി” എന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നും, പത്തനംതിട്ടയിൽ സംഭവിച്ച നരബലിക്ക് പിന്നിലെ യഥാർത്ഥ സംഭവങ്ങൾ ആളുകളിലേക്കെത്തിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നും അതുല്യ പറഞ്ഞു. കൂടാതെ നരബലിയെന്നാൽ തന്റെ വിശ്വാസപ്രകാരം അന്ധവിശാസമാണെന്നും, ഒരു കാരണവുമില്ലാതെ ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുന്ന പരിപാടിയാണതെന്നും അൻവർ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സെല്ലുലോയ്ഡ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
“മലയാളത്തിൽ അധികം ആരും ചർച്ചചെയ്യപ്പെടാത്ത ഒരു പ്രമേയമാണ് നരബലി. അത് തന്നെയാണ് ചിത്രം സംസാരിക്കുന്നതും. പത്തനംതിട്ടയിൽ നടന്ന യഥാർത്ഥ സംഭവമാണ് സിനിമയാക്കിയിരിക്കുന്നത്. ഇപ്പോഴും അതിനു പിന്നിലെ യഥാർത്ഥ കാരണം ആളുകൾക്ക് അറിയില്ല. അത് എന്താണെന്നും, എന്ത് കൊണ്ടാണ് ആളുകൾ നരബലി തിരഞ്ഞെടുക്കുന്നതെന്നുമൊക്കെയാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ആയുസ്സും, സമ്പത്തും കൂടാൻ വേണ്ടിയിട്ടാണ് ആളുകൾ ഇത് ചെയ്യുന്നതെന്നാണ് പറയുന്നത്.” അതുല്യ പറഞ്ഞു.
“എന്നെ സംബന്ധിച്ച് ഇതൊക്കെ അന്ധവിശ്വാസമാണ്. വെറുതെ പാവപെട്ട കുറച്ചാളുകളുടെ ജീവൻ നഷ്ടപ്പെട്ട് പോവുക എന്നല്ലാതെ ഒന്നും സംഭവിക്കുന്നില്ല. പിന്നെ കേരളത്തിൽ ഒറ്റ സംഭവമേ റിപ്പോർട്ട് ചെയ്തിട്ടുള്ളുവെങ്കിലും, നോർത്തിലൊക്കെ ഇത്തരം കാര്യങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. അത് പിന്നെ അവയവ കടത്തിലേക്കൊക്കെ പോകുന്നുണ്ട്. നമ്മുടെ ചിത്രം അതൊന്നും സംസാരിക്കുന്നില്ല. ഒരു ക്രൈം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘കിരാത’.” അൻവർ കൂട്ടിച്ചേർത്തു
ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി (ഒറ്റപ്പാലം) ന്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്‌കരൻ ഒറ്റപ്പാലം (ബഹ്റൈൻ) നിർമിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് “കിരാത”. ചിത്രത്തിന്റെ ചിത്രീകരണം കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടിട്ടില്ല.
ചെമ്പിൽ അശോകൻ, ഡോ രജിത്കുമാർ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്‌നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോൾ വി, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്‌ണൻ കൊടുമൺ, ജയമോൻ ജെ ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരോടൊപ്പം ചിത്രത്തിന്റെ നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരൻ ഒരു അതിഥി വേഷത്തിൽ അഭിനയിക്കുന്നു.