
തനിക്കെതിരെ ആരോപിച്ച കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു. യുവതി തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നെന്നും നടന്നത് ഹണി ട്രാപ്പിനുള്ള ശ്രമമാണെന്നും ദിനിൽ ബാബു പറഞ്ഞു. കൂടാതെ വേഫെറെർ കമ്പനിക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും ദിനിൽ കൂട്ടിച്ചേർത്തു. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് വെഫെറർ ഫിലിംസ് ദിനിലിനെതിരെ പരാതി കൊടുത്ത സാഹചര്യത്തിലാണ് ദിനിലിന്റെ തുറന്നു പറച്ചിൽ.
“യുവതി ഇങ്ങോട്ട് വിളിച്ച് രണ്ട് ദിവത്തോളം പണം ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതോടെ ആണ് പരാതി നൽകിയത്. പരാതിക്കാരിക്ക് പിന്നിൽ മറ്റു ചിലരുമുണ്ട്. അവരെ ഞാൻ നിയമത്തിനു മുന്നിൽ കൊണ്ട് വരും. ഞാൻ കാരണം വേഫെറെർ കമ്പനിക്ക് ഉണ്ടായ ബുദ്ധിമുട്ടിനു ക്ഷമ ചോദിക്കുന്നു,” ദിനിൽ ബാബു പറഞ്ഞു.
വേഫെറര്‍ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാമെന്നും പറഞ്ഞ് ദിനിൽ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിൽ ഉള്ള വേഫെററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. അവിടെ എത്തിയ തന്നെ ദിനിൽ ബാബു ഒരു മുറിയിലേക്ക് കൊണ്ടുപോയി അടച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി ഇതിനൊപ്പം ദിനിൽ ബാബുവിന്റെ ശബ്ദ സന്ദേശവും യുവതി പരസ്യപ്പെടുത്തിയിരുന്നു.
തേവര പോലീസ് സ്റ്റേഷനിലും മലയാളത്തിലെ സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലുമാണ് നിര്‍മാണക്കമ്പനി പരാതി നല്‍കിയത്. വേഫെറര്‍ ഫിലിംസിന്റെ കാസ്റ്റിങ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫെറര്‍ ഫിലിംസിന്റെയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്ത് വരൂ എന്നും, മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിങ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും കമ്പനി അറിയിച്ചു. ദിനിൽ ബാബുവുമായി വേഫെറര്‍ ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്നും വേഫേററിന്റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും വേഫെറർ ഫിലിംസ് അറിയിച്ചു. എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.