ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്. ആസിഫ് അലിയും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നവാസ് നാസര്‍ ആണ്. ആഷിക് ഉസ്മാനും, ഖാലിദ് റഹ്മാനും ചേര്‍ന്നാണ് നിര്‍മ്മാണം.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് തങ്കം ആണ്. ജിംഷി ഖാലിദ് ആണ് ക്യാമറ. മ്യൂസിക് വിഷ്ണു വിജയ്യും നിര്‍വ്വഹിക്കുന്നു. ചിത്രത്തെ പറ്റിയുള്ള മറ്റുവിവരങ്ങള്‍ വരും ദിവസങ്ങളിള്‍ പുറത്തുവരും. ടൊവിനോ തോമസ് നായകനായി എത്തിയ ‘തല്ലുമാല’യില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു സംവിധായകനായ നവാസ് നാസര്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.
അതേസമയം, ‘മഹേഷും മാരുതിയും’ ആണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സേതു തിരക്കഥ എവുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദര്‍ശനത്തിനെത്തും. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വി എസ് എല്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കാപ്പയിലാണ് അസിഫ് അലി ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്. കൂമന്‍ ആണ് അസിഫ് അലി നായകനായി എത്തി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയിരുന്നു. ആസിഫ് അലിയുടെ ബോക്‌സ് ഓഫീസ് തിരിച്ചുവരവ് കൂടി ആയിരുന്നു കൂമന്‍.