“എന്റെ അന്തസ്സിനുവേണ്ടിയും മറ്റ് അതിജീവിതമാർക്ക് വേണ്ടിയുമാണ് ഈ പോരാട്ടം, സിസ്റ്റത്തെ കൂടെനിർത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല”; ആശ ആച്ചി ജോസഫ്

','

' ); } ?>

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നു സംസാരിച്ച് ​ചലച്ചിത്രപ്രവർത്തകയും അധ്യാപികയുമായ ആശ ആച്ചി ജോസഫ്. ജൂറി അധ്യക്ഷനായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്നും നവംബർ ആറിന് നടന്ന സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തയാകാൻ ദിവസങ്ങളെടുത്തുവെന്നും ആശ വ്യക്തമാക്കി. കൂടാതെ തന്റെ അന്തസ്സിനുവേണ്ടിയും മറ്റ് അതിജീവിതമാർക്ക് വേണ്ടിയുമാണ് ഈ പോരാട്ടമെന്നും, കേവലം ഐക്യദാർഢ്യ പ്രഖ്യാപനങ്ങളിൽ ഒതുങ്ങേണ്ടതല്ല ഈ പോരാട്ടമെന്നും അവർ കൂട്ടിച്ചേർത്തു.

​സിനിമാമേഖലയിൽ ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് നടപ്പാക്കാൻ പരിശ്രമിച്ച വ്യക്തിയായിട്ടും, സ്വന്തം കാര്യത്തിൽ ഈ നിയമം ബാധകമായില്ലെന്ന് ആശ കുറ്റപ്പെടുത്തുന്നു. നിലവിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്. പോഷ് ആക്ട് പ്രകാരം കുറ്റാരോപിതനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറ്റിനിർത്തേണ്ടതായിരുന്നു. എന്നാൽ സിനിമാമേഖലയിൽ ഈ നിയമം എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ നിയമസംവിധാനത്തിന് പോലും ആശയക്കുഴപ്പമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

​പരാതി നൽകിയ ശേഷം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ വൈകിയതിലും അവർ അതൃപ്തി പ്രകടിപ്പിച്ചു. നവംബർ 24-ന് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും ഡിസംബർ എട്ടിന് മാത്രമാണ് കേസെടുത്തത്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പോലീസ് നടപടി വേഗത്തിലായതെന്ന് അവർ പറയുന്നു. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടുവെന്ന് വിശ്വസിക്കുമ്പോഴും സിസ്റ്റത്തെ കൂടെനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് ആശ അഭിപ്രായപ്പെട്ടു. ഇതിനിടെ പരാതി പിൻവലിക്കാൻ പല ഭാഗത്തുനിന്നും സമ്മർദമുണ്ടായതായും അവർ വെളിപ്പെടുത്തി.

​മാപ്പുപറയാൻ തയ്യാറാണെന്ന് മീഡിയേറ്റർ വഴി പി.ടി. കുഞ്ഞുമുഹമ്മദ് അറിയിച്ചിരുന്നെങ്കിലും അത് കുറ്റസമ്മതമായിട്ടാണ് കാണുന്നതെന്ന് അവർ പറഞ്ഞു. പരസ്യമായി മാപ്പുപറയാൻ അദ്ദേഹം തയ്യാറായില്ല. അതിജീവിതമാരോട് സംസാരിക്കാൻ പോലും പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് സമയമില്ലാത്ത അവസ്ഥയുണ്ട്. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുമ്പോൾ അതിജീവിതയുടെ മാനസികാവസ്ഥ പരിഗണിക്കപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. സമാനമായ കേസുകളിൽ ഇരട്ടനീതിയാണ് നടപ്പിലാക്കുന്നതെന്ന് ആശ കുറ്റപ്പെടുത്തി. നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ലെന്നും സമാന അനുഭവസ്ഥർക്കായി ഒരു പൊതു പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.