
നൂറോളം സിനിമയ്ക്ക് കലാസംവിധാനം നിർവഹിച്ച കലാസംവിധായകൻ മക്കട ദേവദാസ് (78) അന്തരിച്ചു. ചെറുകുളം കുനിയിൽ വീട്ടിലായിരുന്നു അന്ത്യം. മുന്നൂറോളം സിനിമയ്ക്ക് ടൈറ്റിൽ തയ്യാറാക്കിയിട്ടുണ്ട്. സിനിമയിലെ കലാസംവിധാനം കണ്ടും ചെയ്തും പഠിച്ചാണ് തുടക്കം. മൂന്നുവർഷം സംവിധായകൻ പി.എൻ. മോനോന്റെ ശിഷ്യനായി പോസ്റ്റർ ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു. പിന്നീട് കലാസംവിധായകൻ എസ്. കൊന്നനാട്ടിനൊപ്പമായിരുന്നു.
ഹരിഹരന്റെ ‘പഞ്ചമി’യുടെ ടൈറ്റിൽ എഴുതിയത് ചലച്ചിത്രരംഗത്ത് ദേവദാസിന്റെ സ്ഥാനം ഉറപ്പിച്ചു. തമിഴും മലയാളവുമടക്കം 300-ഓളം പടങ്ങളുടെ ടൈറ്റിൽ എഴുതി. 1979-ൽ പി. ചന്ദ്രകുമാറിൻ്റെ ‘നീയോ ഞാനോ’ എന്ന സിനിമയിലാണ് ദേവദാസ് ആദ്യമായി സ്വതന്ത്ര കലാസംവിധായകനാവുന്നത്. 1981-ൽ പി. പത്മരാജൻ്റെ ‘കള്ളൻ പവിത്ര’ൻ്റെ കലാസംവിധാനവും ദേവദാസാണ് ചെയ്‌തത്.
1979-ൽ പുറത്തിറങ്ങിയ, പി. ചന്ദ്രകുമാർ സംവിധാനംചെയ്ത ‘നീയോ ഞാനോ’ സിനിമയ്ക്കാണ് ദേവദാസ് ആദ്യമായി കലാസംവിധാനം ചെയ്യുന്നത്. ‘കള്ളൻ പവിത്രൻ, കാവൽമാടം, പ്രേംപൂജാരി, തിങ്കളാഴ്ച നല്ലദിവസം, അയനം, ബ്രഹ്‌മരക്ഷസ്, തുമ്പോളികടപ്പുറം, സന്ധ്യക്കെന്തിന് സിന്ദൂരം, മലമുകളിലെ ദൈവം, കടമ്പ, വധു ഡോക്ടറാണ്, സുവർണ സിംഹാസനം, അമേരിക്കൻ അമ്മായി, തോറ്റം’ തുടങ്ങി ഒട്ടേറെ സിനിമകൾക്ക് കലാസംവിധാനമൊരുക്കി.
നിരവധി ടെലിസീരിയലുകൾക്കും കലാസംവിധാനം നിർവഹിച്ച അദ്ദേഹം തമിഴിൽ കാർത്തിക്കും നന്ദിനിയും അഭിനയിച്ച ‘നേതിൽ’ എന്ന സിനിമയ്ക്കും കലാസംവിധാനമൊരുക്കി. സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ‘സുൽത്താൻ വീടി’ന് സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. ‘മങ്ക’യാണ് അവസാനമായി ചെയ്ത ഹ്രസ്വചിത്രം. ഭാര്യ: തങ്കം. മകൾ: പ്രേംകല (യുഎസ്എ). മരുമകൻ: രമേശ് (യുഎസ്എ). സഹോദരങ്ങൾ: പരേതരായ കുട്ടൻ, ദയാനന്ദൻ, യശോദ. സഞ്ചയനം ചൊവ്വാഴ്ച.