
വേടന് അവാർഡ് കിട്ടിയത് അഭിനന്ദനീയമാണെന്നും, എന്നാൽ ജനങ്ങളുടെ കലാകാരൻ ഭരണകൂടത്തിന്റെ കലാകാരനാകുന്നത് അപകടമാണെന്നും തുറന്നു പറഞ്ഞ് കലാ നിരൂപകനും എഴുത്തുകാരനുമായ ജോണി എം.എല്‍. മന്ത്രി സജി ചെറിയാന്റെ ‘വേടന് പോലും അവാർഡ് നല്‍കി’ എന്ന പ്രസ്താവനയെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടായിരുന്നു ജോണിയുടെ കുറിപ്പ്. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
“കലാപകാരിയ്ക്ക് കിട്ടുന്ന പുരസ്കാരത്തിനാണ് മൂല്യം എന്ന് കഴിഞ്ഞയാഴ്ച ഞാൻ എഴുതിയിരുന്നു. വേടന് മികച്ച ഗാനമെഴുത്തുകാരനുള്ള പുരസ്‌കാരം കിട്ടിയത് അഭിനന്ദനീയം. ‘മാറ്റം പാട്ടുകൾ പാടുന്നവനെ’ തോറ്റം പാട്ടുകൾ പാടിപ്പിക്കുന്നവനാക്കുന്നതിന് പുരസ്‌കാരങ്ങൾക്ക് ശക്തിയുണ്ട്. “ഈ ഉലകം ചെന്തീയിൽ” എന്ന മുദ്രാവാക്യം വിളിച്ചവന് നല്ല ഭക്ഷണവും യൂറോപ്യൻ ക്ളോസറ്റിൽ ഒരു വിരേചനവും തരമാക്കിയ ശേഷം ആ മുദ്രാവാക്യം ഒന്നൂടെ വിളിക്കാൻ ആവശ്യപ്പെടുക, “പഴയ ഊക്ക് കാണില്ല,” എന്നാണ് വി കെ എൻ പറഞ്ഞത്.” ജോണി പറഞ്ഞു.
“വേടന് സർക്കാർ അവാർഡ് കിട്ടരുതായിരുന്നു എന്ന് പറഞ്ഞാൽ ‘പാൽപ്പായസത്തിന്റെ കയ്പ് എനിയ്ക്കിഷ്ടാമാണെന്ന്’ വേടൻ പോലും പറഞ്ഞാലോ എന്ന ഭയമാണ് ഇപ്പോൾ. അവാർഡ് തനിയ്ക്കാണെന്ന് വേടന് അറിയാമായിരുന്നു എന്ന് ഞാൻ കരുതുന്നു. കൂട്ടുകാർക്കൊപ്പം ടെലിവിഷൻ കാണുന്ന വേടന്റെ വീഡിയോ കണ്ടാൽ അതങ്ങനെ എന്ന് വിശ്വസിക്കേണ്ടി വരും. നങ്ങളുടെ കലാകാരൻ ഭരണകൂടത്തിന്റെ കലാകാരനാകുന്നത് അപകടമാണ്. അവിടെ ‘പോലും’ എന്ന വാക്കിന്റെ അവജ്ഞയെ സഹിയ്ക്കേണ്ടി വരും. അത് പറഞ്ഞവരുടെ കൈയിൽ നിന്ന് പുരസ്കാരവും സ്വീകരിക്കേണ്ടി വരും. വീട്ടിൽ, വെച്ചുപൂജയും കോഴിവെട്ടും ഉള്ളവർ കമ്മ്യൂണിസ്റ്റായാൽ അവർ ‘ഹിയ്യാ’ എന്ന് വിളിയ്ക്കുന്നത് പോലെ വിപ്ലവമുദ്രാവാക്യം മുഴക്കും.”ജോണി കൂട്ടിച്ചേർത്തു.” ജോണി കൂട്ടിച്ചേർത്തു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ നിരവധിപേരാണ് വേടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അവാർഡിനായി റാപ്പർ വേടനെ എന്തിന് പരിഗണിച്ചു എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. വരേണ്യ ഗാനരചനാ സങ്കൽപ്പങ്ങളുള്ളവരാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്നാണ് മറുവാദം. എഴുത്തുകാരന്‍ മനോജ് കുറൂർ ഉള്‍പ്പെടുള്ളവർ പുരസ്കാര പ്രഖ്യാപനത്തെ പിന്തുണച്ചിരുന്നു. ജോയ് മാത്യു, ദീദി ദാമോദരൻ, കെ പി വ്യാസൻ തുടങ്ങിയവർ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ തന്നെ വേടന്റെ പുരസ്കാരത്തെ കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ വാക്കുകൾ വിവാദമാവുകയും ചെയ്തു.
“ഒരു പരാതിയില്ലാതെ ഈ സർക്കാരിന്റെ കാലത്ത് അഞ്ച് അവാർഡ് ഞങ്ങൾ പ്രഖ്യാപിച്ചു. കൈയടി മാത്രമേയുള്ളൂ, മമ്മൂക്കയ്ക്ക് കൊടുത്തപ്പോൾ അതിനേക്കാൾ കൈയടി. ലോകംകണ്ട ഇതിഹാസനായകനാണ് മോഹൻലാൽ. ഞങ്ങൾ കൊണ്ടുവന്നു സ്വീകരിച്ചു, അതിനേക്കാൾ കൈയടി. ഇപ്രാവശ്യം വേടനപ്പോലും ഞങ്ങൾ സ്വീകരിച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമർശം. തൊട്ടു പിന്നാലെ മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിനു തുല്യമാണെന്നും, ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ പറഞ്ഞിരുന്നു. കൂടുതൽ പ്രതികരണത്തിനില്ല എന്നായിരുന്നു വേടൻ കൂട്ടിച്ചേർത്തത്. എന്നാൽ പിന്നീട് ഇത് വേദന തിരുത്തുകയും ചെയ്തു. മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും, കലാകാരൻ എന്ന നിലയിൽ തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മന്ത്രിയെന്നും വേടൻ പറഞ്ഞു. കൂടാതെ താൻ മന്ത്രിക്കെതിരെ പറഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വളച്ചൊടിക്കപ്പെട്ടു. ഇക്കാര്യം തന്നെ വേദനിപ്പിക്കുന്നുവെന്നും വേടൻ പറഞ്ഞു.
ലൈംഗികപീഡനം ഉൾപ്പടെയുള്ള കേസുകൾ വേടന് എതിരെ നിലനിൽക്കുമ്പോൾ സംസ്ഥാന ബഹുമതി നൽകുന്നത് ഉചിതമല്ലെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം. അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ നിർമ്മാതാവും സംവിധായകനുമായ കെ.പി. വ്യാസൻ വേടനെതിരെ രംഗത്ത് വന്നിരുന്നു. വേടൻ്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ എന്തുമാത്രം ബഹളമുണ്ടാകുമായിരുന്നെന്നും, ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
എന്നാൽ വേടന് പുരസ്‌കാരം ലഭിച്ചതിനെതിരെ ഉയരുന്ന വിമർശനങ്ങളെ പരിഹസിച്ച് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി രംഗത്തെത്തിയിരുന്നു. രാമ വർമയുടെ കവിതയുടെ ചില ഭാഗങ്ങൾ കൊടുത്ത ശേഷം ഇവിടെ ഇരയിമ്മൻ തമ്പിയും, കുറുപ്പും, മേനോനും, നമ്പൂതിരിയും, വർമ്മയുമൊക്ക മതിയെന്നേ… അവരങ്ങുദ്ധരിച്ചു വെച്ചിരിയ്ക്കുവല്ലേ?? എന്നൊരു കമന്റും അദ്ദേഹം ചേർത്തിട്ടുണ്ട്. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
മഞ്ഞുമ്മൽ ബോയ്‌സി’ലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന റാപ്പിനാണ് വേടന് അവാർഡ് ലഭിച്ചത്. ജൂറി അധ്യക്ഷനായിരുന്ന പ്രകാശ് രാജിന്റെ ഉറച്ച നിലപാടാണ് അവാർഡ് നിർണയത്തിന് പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. വ്യവസ്ഥാപിത എഴുത്തുരീതികളെ അതിലംഘിക്കുന്ന വേടൻ്റെ പാട്ടിനെ അംഗീകരിക്കണമെന്ന പ്രകാശ് രാജിൻ്റെ നിർദേശത്തെ എതിർപ്പുകൾക്കിടയിലും ജൂറിയിൽ ചിലർ പിന്താങ്ങുകയായിരുന്നു. എടുക്കുന്ന പണി നടക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് അവാർഡ് എന്നായിരുന്നു വേടൻ്റെ പ്രതികരണം. യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്”-മികച്ച ഗാനരചയിതാവായി വേടനെ പരിഗണിച്ചതിനെക്കുറിച്ച് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് വിശദീകരിച്ചതിങ്ങനെയാണ്.