വിവാഹങ്ങൾക്ക് പോയാൽ ഭക്ഷണം പോലും കഴിക്കാനാകാത്ത വിധം ആരാധകർ സെൽഫി ചോദിച്ചെത്തുന്നത് ബുദ്ധിമുട്ടാകാറുണ്ടെന്ന് തുറന്ന് പറഞ്ഞ് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. അത് കൊണ്ട് താനിപ്പോൾ വിവാഹങ്ങൾക്ക് പോയാൽ ഭക്ഷണം കഴിക്കാറില്ലെന്നും എ ആർ റഹ്മാൻ പറഞ്ഞു. കൂടാതെ മറ്റുള്ള രാജ്യങ്ങളിൽ താരങ്ങൾ അതിനനുവദിക്കില്ലെന്നും, പക്ഷേ ഇന്ത്യൻ അഭിനേതാക്കൾ ദയയുള്ളവരാണെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു. നിഖിൽ കാമത്തുമായുള്ള പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പൊതുയിടങ്ങളിൽ ഞാൻ വളരെ കുറച്ചു മാത്രമേ പോകാറുള്ളൂ. പൊതു ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ആരാധകരെ നേരിടാൻ വളരെയധികം സ്വയം സജ്ജമാകാറുണ്ട്. വിവാഹത്തിനൊക്കെ പോയി ഭക്ഷണം കഴിക്കുമ്പോൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് ആളുകൾ അടുത്തേക്ക് വരും. ഞാൻ ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞാൽ, പക്ഷേ ഞങ്ങൾ പോവാൻ നിൽക്കുകയാണ്, ഇപ്പോൾ പോവണം എന്നൊക്കെ പറയും. ആ വ്യക്തി ഭക്ഷണം കഴിക്കുകയാണെന്ന് പോലും അവർ മനസിലാക്കില്ല. അയാളും ഒരു മനുഷ്യനാണ്. അതുകൊണ്ട് ഞാൻ വിവാഹങ്ങൾക്ക് പോയാൽ ഭക്ഷണം കഴിക്കാറില്ല. പോയി, അവരെ ആശംസിച്ചിട്ട് തിരിച്ചു വരും”- റഹ്മാൻ പറഞ്ഞു.
“വിദേശരാജ്യത്ത് റോക്ക്സ്റ്റാറുകൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ അവർ വളച്ചുകെട്ടാതെ, ക്ഷമിക്കണം എനിക്ക് കഴിയില്ല എന്ന് ആരാധകരോട് പറയുന്നതു കേട്ടിട്ടുണ്ട്. ഹോളിവുഡ് നടന്മാരായാലും അങ്ങനെ തന്നെ പറയും. അതുകൊണ്ടുതന്നെ ആളുകൾ വരികയുമില്ല. പക്ഷേ ഇന്ത്യൻ അഭിനേതാക്കൾ ദയയുള്ളവരാണ്. കാരണം നമ്മൾ പല വംശങ്ങളിൽപ്പെട്ടവരാണ്.” റഹ്മാൻ കൂട്ടിച്ചേർത്തു.