
‘എന്നെ അധിക്ഷേപിക്കുക, കുടുംബത്തെ വെറുതെ വിടൂ’ – ഇൻസ്റ്റാഗ്രാമിൽ സന്ദേശവുമായി പ്രതികരണം
ബ്രാഹ്‌മണ സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് മാപ്പ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അനുരാഗ് ക്ഷമാപണം അറിയിച്ചത്.
“ഒരു പ്രസംഗമോ പ്രവൃത്തിയോ എന്റെ മകളോ കുടുംബമോ വരെ വിലമതിക്കുന്നില്ല. നിങ്ങള്‍ക്ക് ആരെയെങ്കിലും അധിക്ഷേപിക്കണമെങ്കില്‍ അത് എന്നെയാകാം. എന്റെ കുടുംബത്തെ വെറുതെ വിട്ടേക്കൂ,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. “ഞാൻ പറഞ്ഞ കാര്യങ്ങൾ തിരികെ എടുത്തിട്ടില്ല, എങ്കിലും അതിൽ നിന്ന് കടിച്ചുമാറ്റിയ ഒരു വരി വെറുപ്പിനും ഭീഷണിക്കും വഴിവെച്ചത് ഖേദകരമാണ്,” എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ഇത്തരം വിഷയങ്ങളിൽ നിന്ന് മാറ്റി നിർത്തണമെന്നും ആ മാന്യതയും വേദങ്ങൾ പഠിപ്പിക്കുന്നതാണെന്നും അനുരാഗ് കുറിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ‘ഫൂലെ’ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് അനുരാഗ് നടത്തിയ പരാമർശം പ്രചരിച്ചത്. “ബ്രാഹ്‌മണന്മാരുടെ മേൽ ഞാൻ മൂത്രമൊഴിക്കും” എന്ന കമന്റ് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ജ്യോതിറാവു ഫൂലെയും സാവിത്രിബായി ഫൂലെയെയും കുറിച്ചുള്ള ആനന്ദ് മഹാദേവൻ സംവിധാനം ചെയ്യുന്ന ‘ഫൂലെ’ എന്ന സിനിമയ്‌ക്കെതിരേ ബ്രാഹ്‌മണ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. അഖില ഭാരതീയ ബ്രാഹ്‌മിണ്‍ സമാജ്, പരശുരാം ആര്‍ഥിക് വികാസ് മഹാമണ്ഡല്‍ തുടങ്ങിയ സംഘടനകൾ ചിത്രം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ചു.