അഡ്വാന്‍സ് പ്രതിഫലം വാങ്ങി നടന്‍ ആന്റണി വര്‍ഗീസ് നിര്‍മാതാവിനെ പറ്റിച്ചുവെന്ന സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണത്തിന് മറുപടിയുമായി ആന്റണി പെപ്പെ. തന്റെ കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ജൂഡിന്റെ ആരോപണം വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്നും പെപ്പെ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തെളിവുകള്‍ നിരത്തി പെപ്പേ രംഗത്ത് എത്തിയത്.
”എന്നെപ്പറ്റി ജൂഡ് ചേട്ടന് എന്തുവേണമെങ്കിലും പറയാം, അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് രണ്ട് ദിവസം ഞാന്‍ മിണ്ടാതിരുന്നത്. സോഷ്യല്‍മീഡിയയില്‍ കയറി കുരച്ച് വെറുതെ ഒരു പ്രശ്‌നമുണ്ടാക്കണ്ടല്ലോ എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്. പക്ഷേ എന്റെ അനിയത്തിയുടെ വിവാഹം പുള്ളിയുടെ കാശ് മേടിച്ചാണ് നടത്തിയെന്ന ആരോപണം വേദനയുണ്ടാക്കി. എന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും അത് ഏറെ വിഷമമുണ്ടാക്കി. വീട്ടിലെ ഒരു പരിപാടിക്കു പോകുമ്പോള്‍ ബന്ധുക്കള്‍ ചിരിക്കും, നാട്ടുകാര്‍ ചിരിക്കും. സ്വന്തം ചേട്ടന്‍ പെങ്ങളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ പറ്റിച്ചാണെന്നതാണ് ആരോപണം. എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മോശം കമന്റുകള്‍ വന്നു, അത് സാരമില്ല. എന്നാല്‍ ഭാര്യയുടെ പേജില്‍ വരെ മോശം മെസേജുകള്‍ വന്നു. നിങ്ങളുടെ തന്നെ വീട്ടിലെ കുടുംബത്തിനെതിരെ പ്രശ്‌നം വന്നാല്‍ എങ്ങനെ പ്രതികരിക്കും. എന്നെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഇതിനൊരു ക്ലാരിഫിക്കേഷന്‍ കൊടുക്കേണ്ട ബാധ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഞാന്‍ വന്നത്, അല്ലെങ്കില്‍ വരില്ല.
ആര്‍ഡിഎക്സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകന്‍ വളര്‍ന്ന് വരുന്ന സംവിധായകനെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത്. എനിക്ക് ഇപ്പോഴും ജൂഡ് ചേട്ടനോട് ദേഷ്യമില്ല. എന്റെ മൂത്ത ചേട്ടനെപ്പോലെയാണ് അദ്ദേഹം. പക്ഷേ ഇങ്ങനെയൊക്കെ പറയുന്നത് ഭയങ്കര മോശ്യം കാര്യമാണ്.
എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. ശരിയായിരിക്കാം. പക്ഷേ ഞാനെന്റെ സ്വപ്നങ്ങളെ പിന്തുടര്‍ന്നാണ് ഇവിടെ വരെ എത്തിയത്. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. നമ്മുടെ യോഗ്യത നിര്‍ണയിക്കാന്‍ ഈ ലോകത്ത് ആരുമില്ല, അങ്ങനെ അദ്ദേഹം പറയരുതായിരുന്നു. ഒരു സഹോദരന്‍ അനിയനോട് തെറ്റ് ചെയ്തതുപോലെയാണ് തോന്നുന്നത്. ഈ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് ഞാന്‍ സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലിജോ ചേട്ടന്‍ ഇല്ലെങ്കില്‍ പെപ്പെയ്ക്ക് ജീവിക്കാനുള്ള വകുപ്പുപോലും കൊടുക്കണ്ട എന്നു പറഞ്ഞു. സത്യമാണ് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്. ഞാന്‍ മാത്രമല്ല.