
‘കാട്ടാളൻ’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആന്റണി പെപ്പെക്ക് കൈക്ക് പരിക്കേറ്റു. ആനയുമായുള്ള ഏറ്റുമുട്ടൽ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക് എന്നാണ് റിപ്പോർട്ട്. തായ്‌ലൻഡിൽ വെച്ച് നടന്ന അപകടത്തിൽ കൈക്ക് പൊട്ടലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സയ്ക്ക് വിധേയനായ താരം ഇപ്പോൾ വിശ്രമത്തിലാണ്. ചിത്രത്തിൻ്റെ ഷൂട്ടിങ് ഷെഡ്യൂൾ മാറ്റിവച്ചു.
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ‘ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “കാട്ടാളൻ”.മാർക്കോ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 1 ബുധനാഴ്ച തായ്‌ലൻഡിൽ വെച്ചാണ് ആരംഭിച്ചത്. രജീഷ് വിജയനാണ് ചിത്രത്തിലെ നായിക.
‘ഓങ് -ബാക്ക്’ എന്ന സിനിമയുടെ ലോക പ്രശസ്തനായ സ്‌റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയാണ് ചിത്രത്തിന്റെ ഫൈറ്റ് ഒരുക്കുന്നത്. ഓങ്-ബാക്ക് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വന്ന പോങ് എന്ന ആനയും കാട്ടാളന്റെ ഭാഗമാകുന്നുണ്ട്. 50 കോടിക്കു മുകളിലാണ് സിനിമയുടെ ബജറ്റ്. പെപ്പെയ്ക്കൊപ്പം തെലുങ്ക് താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ്, ബോളിവുഡ് താരം പർത്ഥ് തിവാരി, രാജ് തിരാ ണ്ടുസു എന്നിങ്ങനെ ഒട്ടുമിക്ക ഇൻഡസ്ട്രിയിലെ താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.