
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തിയെന്നാരോപിച്ച് നടൻ അനൂപ് ചന്ദ്രനെതിരെ പരാതി കൊടുത്ത് നടി അൻസിബ ഹസൻ. ഇൻഫോ പാർക്ക് പോലീസിലാണ് പരാതി നൽകിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് നടൻ ബാബു രാജ് അമ്മയുടെ ഭാരവാഹിയിലേക്ക് മത്സരിക്കുന്നതിനെതിരെ അനൂപ് ചന്ദ്രൻ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചത്. പ്രതിഷേധത്തിൽ ബാബുരാജിനെ പിന്തുണച്ച അൻസിബയുടെ നിലപാടിനെ വിമർശിക്കുകയും ചെയ്തിരുന്നു. അൻസിബയടക്കമുള്ള ബാബുരാജിനെ പിന്തുണക്കുന്നവർ സിനിമയെ കുറിച്ചോ, സിനിമയുടെ അധികാരികതയെകുറിച്ചോ യാതൊരു ബോധവും ഇല്ലാത്തവരാണെന്നും, ഇവരൊക്കെ ബാബുരാജിന്റെ സിൽബന്തി രാഷ്ട്രീയത്തിന്റെ നാവുകളാണെന്നും അനൂപ് ചന്ദ്രൻ പറഞ്ഞിരുന്നു.
ആരോപണ വിധേയരായ രാഷ്ട്രീയക്കാരുള്ളപ്പോൾ ആരോപണ വിധേയർ അമ്മയിലേക്ക് മൽസരിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു അൻസിബയുടെ പ്രസ്താവന.
അതേ സമയം ബാബുരാജ് പത്രിക പിൻവലിക്കുകയും എന്നന്നേക്കുമായി അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച ശ്വേതാ മേനോനും, ദേവനുമൊഴികെ ബാക്കിയുള്ള താരങ്ങളും പത്രിക പിൻ വലിച്ചു. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്.