“ഇന്നത്തെ സിനിമകൾ കൂടുതലായും യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണ്, വൈവിധ്യമാർന്ന പ്രായത്തിലുള്ളവരുടെ കഥകൾ കൂടി സിനിമകളിൽ വരണം”; അഞ്ജലി മേനോൻ

','

' ); } ?>

‘സർഗാത്മക മേഖല തൊഴിലായി സ്വീകരിച്ച ഒരാൾക്കും അവിടെ സുരക്ഷിതരല്ലെന്ന തോന്നൽ ഉണ്ടാകരുതെന്ന് വ്യക്തമാക്കി സംവിധായിക അഞ്ജലി മേനോൻ. ‘റിലീസ് ചെയ്ത‌ത്‌ ആദ്യ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു സിനിമയുടെ വിജയം വിധിക്കുന്നത് തെറ്റായ കീഴ് വഴക്കമാണെന്നും, അക്രമവാസനകൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നും അതിന്റെ പൂർണ ഉത്തരവാദിത്തം സിനിമയുടെ മേൽ മാത്രം കെട്ടിവെക്കരുതെന്നും’ അഞ്ജലി മേനോൻ പറഞ്ഞു. ‘ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ’ പ്രൊഫ. വേണു രാജാമണി നിയന്ത്രിച്ച ‘കഥപറച്ചിലും സാംസ്‌കാരിക മാറ്റവും- സ്ക്രീനിലും പുറത്തും’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അഞ്ജലി.

“സിനിമയിലും സമൂഹത്തിലും കൂടുതൽ സംവേദനക്ഷമതയും അവബോധവും വ്യക്തിത്വവും അനിവാര്യമാണ്. സർഗാത്മക ഇടങ്ങളിലെ സുരക്ഷ, സെൻസർഷിപ്പ്, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ അനിവാര്യമാണ്. ഇത്തരം ഇടങ്ങളിൽ മാന്യമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സർഗാത്മക മേഖല തൊഴിലായി സ്വീകരിച്ച ഒരാൾക്കും അവിടെ സുരക്ഷിതരല്ലെന്ന തോന്നൽ ഉണ്ടാകരുത്. സിനിമയുടെയും സാമൂഹിക പുരോഗതിയുടെയും വളർച്ചയ്ക്ക് സംവേദനക്ഷമതയും സ്വതന്ത്രമായ ആശയപ്രകടനവും അത്യന്താപേക്ഷിതമാണ്. ‘നിങ്ങളുടെ ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ,’ എന്നാണ് യുവ തലമുറയോട് പറയാനുള്ളത്.” അഞ്ജലി മേനോൻ പറഞ്ഞു.

“മികച്ച ഉള്ളടക്കമുള്ള സിനിമകൾ, പ്രത്യേകിച്ച് സ്ത്രീകൾക്ക് താത്പര്യമുള്ളവ, പതുക്കെയാകും ജനശ്രദ്ധ നേടുന്നത്. റിലീസ് ചെയ്ത‌ത്‌ ആദ്യ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു സിനിമയുടെ വിജയം വിധിക്കുന്നത് തെറ്റായ കീഴ് വഴക്കമാണ്. അത് പോലെ തന്നെ അക്രമവാസനകൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിലനിൽക്കുന്നുണ്ട്. അതിന്റെ പൂർണ ഉത്തരവാദിത്തം സിനിമയുടെ മേൽ മാത്രം കെട്ടിവെക്കരുത്. വികാരങ്ങൾ പുറന്തള്ളാൻ അക്രമരംഗങ്ങൾ സഹായിക്കുമെന്ന വാദങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, ഇത്തരം രംഗങ്ങളെ മഹത്വവത്ക്കരിക്കുന്നതിലും അക്രമം ഒരു വിനോദമായി നിരന്തരം ഉപയോഗിക്കപ്പെടുന്നതിലും ഞാൻ ആശങ്ക പെടുന്നുണ്ട്. സിനിമ അടിസ്ഥാനപരമായി ഒരു സർഗാത്മക മാധ്യമമാണ്. അവർ പറഞ്ഞു. എന്ത് കാണണം എന്നത് തിരഞ്ഞെടുക്കുന്നതിൽ സിനിമ നിർമിക്കുന്നവർക്കും അത് കാണുന്ന പ്രേക്ഷകർക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സ്ത്രീകൾ ഇപ്പോൾ സ്വതന്ത്രമായി സിനിമകൾ തിരഞ്ഞെടുക്കുന്നതും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതും സ്വാഗതാർഹമായ മാറ്റമാണ്. ഇന്നത്തെ സിനിമകൾ കൂടുതലായും യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണ്. വൈവിധ്യമാർന്ന പ്രായത്തിലുള്ളവരുടെ കഥകൾ കൂടി സിനിമകളിൽ വരണം.”അഞ്ജലി മേനോൻ കൂട്ടിച്ചേർത്തു.