ഒരു റിയാലിറ്റി ഷോയ്ക്കിടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടി അഞ്ജലി അമീര്‍ രംഗത്ത്. തന്റെ പക്ഷത്ത് നിന്ന് സംഭവിച്ച എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണം എന്നാണ് അഞ്ജലി പറയുന്നത്.
ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞത് സമയക്കുറവിനാല്‍ ചാനല്‍ മുഴുവനായി കാണിക്കാതിരുന്നതാണ് അങ്ങനെയൊരു തെറ്റിദ്ധാരണയ്ക്കിട വരുത്തിയതെന്നും കമ്മ്യൂണിറ്റിക്കിടയില്‍ നില്‍ക്കുമ്പോള്‍ കമ്യൂണിറ്റിക്കെതിരായി സംസാരിക്കരുതെന്ന ബോധ്യം തനിക്കുണ്ടെന്നും അഞ്ജലി വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ഞാന്‍ എക്കാലവും നിലകൊള്ളുമെന്നും താരം കുറിച്ചു.
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയില്‍ വെച്ചാണ് താന്‍ കൂടി ഉള്‍പ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെക്കുറിച്ച് പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്‌സ് വര്‍ക്കിനെ പിന്തുണയ്ക്കാനാകില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു.
അഞ്ജലിയുടെ ഫേസ്ബുക് പോസ്റ്റ്
നമസ്‌ക്കാരം, ഞാന്‍ പങ്കെടുത്ത ഒരു ചാനല്‍ റിയാലിറ്റി ഷോയ്ക്കിടയില്‍ എന്റെ കമ്യൂണിറ്റിക്ക് ദോഷമുണ്ടാകുന്ന തരത്തില്‍ സംസാരിച്ചു എന്ന പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. എന്റെ ഭാഗത്തു നിന്നുള്ള തെറ്റ് നിങ്ങള്‍ ചൂണ്ടിക്കാണിച്ചു. അക്കാര്യത്തില്‍ ഞാന്‍ നിങ്ങളോട് പൂര്‍ണ്ണമായും ക്ഷമ ചോദിക്കുകയാണ്. നിങ്ങള്‍ എന്നോട് ക്ഷമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞത് സമയക്കുറവിനാല്‍ ചാനല്‍ മുഴുവനായി കാണിക്കാതിരുന്നതാണ് അങ്ങനെയൊരു തെറ്റിദ്ധാരണയ്ക്കിട വരുത്തിയത്. കമ്മ്യൂണിറ്റിക്കിടയില്‍ നില്‍ക്കുമ്പോള്‍ കമ്യൂണിറ്റിക്കെതിരായി സംസാരിക്കരുതെന്ന ബോധ്യം എനിക്കുണ്ട്.
പക്ഷേ എന്റെ ഭാഗത്ത് നിന്നും സംഭവിച്ച തെറ്റിന് ഓരോരുത്തരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രോല്‍സാഹനങ്ങളാല്‍ മാത്രമാണ് എനിക്ക് പൊതുസമൂഹത്തില്‍ നില്‍ക്കുവാനും ഇന്നത്തെ നിലയിലെത്തുവാനും സാധിച്ചത്. അതിന് ഞാന്‍ കമ്യൂണിറ്റിയോട് കടപ്പെട്ടവളാണ്. എക്കാലത്തും നിങ്ങളുടെ പ്രോല്‍സാഹനങ്ങള്‍ എനിക്കുണ്ടാകണം, കൂടെ നില്‍ക്കണം. അതിനാല്‍ എന്റെ പക്ഷത്ത് നിന്ന് സംഭവിച്ച എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണം. കമ്യൂണിറ്റിയുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ഞാന്‍ എക്കാലവും നിലകൊള്ളുമെന്ന് ഉറപ്പ് തരുന്നു.