
ആദായനികുതി കേസിൽ താരസംഘടനയായ അമ്മയുടെ അപ്പീൽ തള്ളിയ അപ്പേലറ്റ് അതോറിറ്റിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കൂടാതെ ഹർജിക്കാരെയും കേട്ടശേഷം പുതുക്കിയ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 2014-2015 വർഷത്തെ നികുതി നിർണയ ഉത്തരവിനെതിരെയായിരുന്നു ‘അമ്മ അപ്പീൽ നൽകിയത്.
ആദായനികുതിവകുപ്പ് കമ്മിഷണറുടെ ഉത്തരവിൽ കേസിന്റെ മെരിറ്റിനെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വരുമാനം കുറച്ചുകാണിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെയാണ് അപ്പീലിൽ ചോദ്യം ചെയ്‌തത്. എന്നാൽ, ഹർജിക്കാർ ഹാജരായില്ലെന്നതിൻ്റെ പേരിൽ നികുതി നിർണയിച്ചത് ശരിവെച്ച് അപ്പേലറ്റ് അതോറിറ്റി അപ്പീൽ തള്ളി. ഇതിനെയാണ് അമ്മ ഹൈക്കോടതിയിൽ ചോദ്യംചെയ്തത്. ഇത് അനുവദിച്ചാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.