താരങ്ങളെ വിട്ടുനല്‍കാനാകില്ല ; നിലപാടില്‍ ഉറച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

','

' ); } ?>

താരനിശയെ ചൊല്ലി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. നിര്‍മ്മാതാക്കളുടെ താരനിശയിലേക്ക് താരങ്ങളെ അയക്കാനാകില്ലെന്ന് അമ്മ അറിയിച്ചു. സിനിമക്ക് കരാറുള്ള താരങ്ങളെ അമ്മയുടെ താരനിശക്ക് വിട്ടുനല്‍കില്ലെന്ന് നിര്‍മ്മാതാക്കളും വ്യക്തമാക്കി.

ഈ മാസം 16, 17 തിയതികളില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ധനശേഖരണാര്‍ത്ഥം താരനിശ തീരുമാനിച്ചിരുന്നു. ഇത് അമ്മയുടെ ഭാരവാഹികളുമായി ചര്‍ച്ച ചെയ്‌തെടുത്ത തീയതിയാണെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വാദം. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 7 ന് അമ്മ നേരിട്ട് അബുദാബി ഷോ നടത്താന്‍ തീരുമാനിച്ചതോടെ നിര്‍മ്മാതാക്കളുടെ താരനിശയില്‍ പങ്കെടുക്കാനാകില്ലെന്ന് താരസംഘടന അറിയിക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ അമ്മയുടെ താരനിശക്ക് വിവിധ സിനിമകളില്‍ കരാറുള്ള താരങ്ങളെ വിട്ടുനല്‍കാനാകില്ലെന്ന് നിലപാട് കടുപ്പിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

11 ന് അമ്മയുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ നിലപാട് പ്രഖ്യാപിക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ വിവാദവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് അമ്മ ഇതുവരെ തയ്യാറായിട്ടില്ല.