
താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ജൂലൈ 31ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഈ മാസം 24 ആണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്ന് ശക്തമായ അഭിപ്രായമുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരും ഉയർന്നു വരുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് ശേഷം മലയാളത്തിലെ ചില താരങ്ങള്‍ക്കെതിരെ പുറത്തുവന്ന ലൈംഗിക പരാതികൾക്ക് പിന്നാലെ അമ്മയിൽ നിന്ന് മോഹൻലാലടക്കമുള്ള താരങ്ങൾ രാജിവെച്ചിരുന്നു. അമ്മ ജന.സെക്രട്ടറിയായിരുന്ന നടന് സിദ്ദിഖ് രാജിവെച്ചത്തിനു പിന്നാലെ സെക്രട്ടറിയായിരുന്ന ബാബുരാജ് ജന.സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയിലേക്ക് വന്നുവെങ്കിലും ഏറെ താമസിയാതെ ബാബുരാജിനെതിരേയും ലൈംഗികാരോപണം വന്നു. പിന്നീട് അഡ്ഹോക്ക് കമ്മിറ്റിയാണ് ഭരണം ഏറ്റെടുത്തിരുന്നത്. രണ്ടാഴ്ചമുന്പ് നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തന്നെ വേണമെന്ന നിലപാടിൽ താരങ്ങൾ ഉറച്ചു നിന്നെങ്കിലും മോഹൻലാൽ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു.