
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ പുതിയ ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പിന് ശക്തമായ മത്സരത്തിന് സാധ്യത.
ഈ വർഷം ഓഗസ്റ്റ് 15ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 11 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ആകെ 17 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർഥികളായി 30-ലേറെ പേര് മത്സരരംഗത്തേക്കെത്തുമെന്ന സൂചനയുണ്ട്.
പ്രസിഡന്റായിരുന്ന മോഹൻലാൽ വീണ്ടും മത്സരിക്കില്ലെന്ന നിലപാടെടുത്തതോടെ ആ സ്ഥാനത്തേക്ക് പുതിയ താരങ്ങളെ പരിഗണിക്കുന്നുണ്ട്. യുവതാരമായ കുഞ്ചാക്കോ ബോബനും മുതിർന്നതാരമായ വിജയരാഘവനും മുന്നിൽവരുന്ന സാധ്യതയുള്ള സ്ഥാനാർഥികളാണെന്ന്റി പ്പോർട്ടുകളുണ്ട്. വിജയരാഘവൻ മത്സരത്തിന് തയ്യാറായാൽ മത്സരമില്ലാതെ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്.
ജനറൽ സെക്രട്ടറിസ്ഥാനം ഉൾപ്പെടെ മറ്റു ഭാരവാഹിസ്ഥാനങ്ങൾക്കും നിരവധി പേർ തയ്യാറെടുക്കുന്നു. ബാബുരാജ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരിഗണനയിലുണ്ട്. സ്ത്രീകളെ ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ചർച്ചകളും അണിയറയിൽ നടക്കുന്നു. മുൻ ഭാരവാഹിയായ ശ്വേതാ മേനോനെ മത്സരത്തിനായി രംഗത്തെടുക്കാനുള്ള ശ്രമം നടക്കുന്നുവെങ്കിലും അന്തിമതീരുമാനമായിട്ടില്ല.
മുൻ കമ്മിറ്റി അംഗങ്ങളായ ടൊവിനോ തോമസ്, ടിനി ടോം, വിനു മോഹൻ, കലാഭവൻ ഷാജോൺ, ജയൻ ചേർത്തല, സുരേഷ് കൃഷ്ണ തുടങ്ങിയവരും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത കാണിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞദിവസമാണ് സ്ഥാനാർഥിത്വ പത്രികകൾ വിതരണം തുടങ്ങിയത്. ആദ്യദിവസം തന്നെ അഞ്ച് പേർക്കു പത്രിക ലഭിച്ചു. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഈ മാസം 24 ആണ്.