
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് ഇന്ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വൈകിട്ട് 4 മണിയോടെ നടക്കും. മോഹൻലാൽ, സുരേഷ് ഗോപി അടക്കമുള്ള പ്രമുഖർ വോട്ട് രേഖപെടുത്താനെത്തും, ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തില്ലെന്നാണ് വിവരം.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേവനും ശ്വേത മേനോനുമാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു.മറ്റു പ്രധാന സ്ഥാനങ്ങളിലേക്കും ഇന്ന് അംഗങ്ങളെ തിരഞ്ഞെടുക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെ മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയായിരുന്നു. ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് പ്രഖ്യാപനമുണ്ടായത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമുയർന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന കേസ് പോലും ഉയർന്നുവന്നു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെയും ഒരു സംഘം വനിതാ അംഗങ്ങൾ രംഗത്ത് വന്നു.