
ജാനകി സ്റ്റേറ്റ് എന്ന ചിത്രത്തിന് വെട്ട് വരുന്നത് അസഹിഷ്ണുതയുടെ വെട്ടാണെന്ന് തുറന്നു പറഞ്ഞ് അഡ്വക്കേറ്റും ഇടത് പക്ഷ എംപിയുമായ എ എ റഹീം. അവരുടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുടെ ചിത്രമാണെങ്കിൽ പോലും അസഹിഷ്ണമായ രാഷ്ട്രീയം ബിജെപി മാറ്റില്ലെന്നും റഹീം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് അരുൺകുമാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ പ്രശ്‌നത്തിൽ മറ്റൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റുണ്ട്, ബിജെപി മന്ത്രി സഭയിലെ ഒരു അംഗം നായക കഥാപാത്രമായി വരുന്ന ഒരു സിനിമയിലാണ് ഈ ഗവൺമെന്റ് ബോധപൂർവം ഇത് ചെയ്തിരിക്കുന്നത്. ഇത് നൽകുന്നയൊരു സന്ദേശമുണ്ട്, സുരേഷ് ഗോപിയാണെങ്കിലും പോലും ഞങ്ങളുടെ മന്ത്രിസഭയിലെ മന്ത്രിയാണെങ്കിലും പോലും ഞങ്ങളുടെ നിലപാടിൽ നിന്നും വിട്ടുവീഴ്ച്ചയില്ല, എന്താണ് നിലപാട്? അത് അസഹിഷ്ണുതയാണ്, സെൻസർബോർഡിനെതിരെയാണ് സമരമെങ്കിലും ഈ രോക്ഷം അലയടിക്കേണ്ടത് ഫാസിസ്റ്റ് ഭരണകൂടമായ ബിജെപിക്ക് നേരെയാണ്. ‘ റഹീം പറഞ്ഞു.
ചിത്രത്തിന്റെ ടൈറ്റിലിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നൽകുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെൻസർ ബോർഡിന്റെ നിലപാട്. ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടിക്കെതി വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. റിവൈസിങ് കമ്മിറ്റിയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ചിത്രത്തിന്റെ നേരത്തെ നിശ്ചയിച്ചിരുന്ന ജൂൺ 27 ലെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധവുമായി സിനിമാ സംഘടനകൾ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നാണ് വിവിധ സിനിമാ സംഘടനകൾ അറിയിച്ചിരിക്കുന്നത്. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കും.