
‘മന്ദാകിനി’പോലെ ലൈറ്റ് ഹാർട്ട് ആയിട്ടുള്ള ചിത്രമാണ് “ഇന്നസെന്റെന്ന്” തുറന്നു പറഞ്ഞ് നടൻ അൽത്താഫ് സലിം. ‘മന്ദാകിനി’ എന്ത് കൊണ്ടാണോ ഇഷ്ടപെട്ടത് അതേ കാരണങ്ങളൊക്കെ ഇന്നസെന്റിലുണ്ടാകുമെന്നും അൽത്താഫ് പറഞ്ഞു. കൂടാതെ ‘മന്ദാകിനി’യിലെ അതേ അളവിലാണ് ഇന്നസെന്റിലും നർമ്മങ്ങൾ ചേർത്തിട്ടുള്ളതെന്നും അൽത്താഫ് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സെല്ലുലോയ്ഡ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അൽത്താഫ്.
“വിനോദ് എന്ന സർക്കാരുദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. അവിടത്തെ അനാസ്ഥകളും, അയാൾ നേരിടുന്ന പ്രശ്ങ്ങളുമാണ് കഥ. ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ റിയൽ ലൈഫിൽ നടക്കുന്ന കാര്യങ്ങളൊക്കെ ചിത്രം പറയുന്നുണ്ട്. എന്റെയും അനാർക്കലിയുടെയും കോമ്പൊയിൽ പുറത്തിറങ്ങിയ ‘മന്ദാകിനി’ എന്ത് കൊണ്ടാണോ നിങ്ങൾക്കിഷ്ടപ്പെട്ടത് അതേ കാരണങ്ങളൊക്കെ ഈ ചിത്രത്തിലുമുണ്ട്. ‘മന്ദാകിനി’യിലെ അതേ അളവിൽ തന്നെയാണ് ഇന്നസെന്റിലെയും കോമഡികൾ നമ്മളൊരുക്കിയിട്ടുളളത്. അതേ പോലെ ലൈറ്റ് ഹാർട്ട് ആയിട്ടുള്ള മൂവി തന്നെയാണിത്”, അൽത്താഫ് സലിം പറഞ്ഞു.
“അനാർക്കലിയെ കുറിച്ച് പറയുകയാണെങ്കിൽ “സമ്മർ ഇൻ ബെത്ലഹേമിലെ” മഞ്ജു വാര്യറെ പോലെയാണെനിക്ക് തോന്നിയിട്ടുള്ളത്. വളരെ ആക്റ്റീവ് ആയി ഫണ്ണി ആയിട്ടൊരാൾ. ചില സമയത്ത് എം ടി യുടെ കഥകളിലെ ഇല്ലത്തെ കുട്ടിയെപ്പോലെ തോന്നാറുണ്ട്. ഇന്നസെന്റിന്റെ ഷൂട്ടിന്റെ സമയത്തൊക്കെ ശോഭനയുടെ ‘ഗംഗയായിരുന്നു'”. അൽത്താഫ് സലിം കൂട്ടിച്ചേർത്തു.
അടുത്ത മാസമാണ് ഇന്നസെന്റ് തീയേറ്ററുകളിലെത്തുന്നത്. അൽത്താഫ് സലിം, അനാർക്കലി, അന്ന പ്രസാദ്, ജോമോൻ ജ്യോതിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 2024 ൽ പുറത്തിറങ്ങിയ ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം അൽത്താഫും, അനാർക്കലിയും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.