
കോടതി വിധി കേട്ട് പുറത്തു വന്ന നടൻ ദിലീപിൻ്റെ പ്രതികരണം അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് വിശ്വസിക്കുന്ന വലിയ ഒരു ജനവിഭാഗത്തിന് അമർഷവും ദേഷ്യവും ഉളവാക്കുന്നതായിരുന്നുവെന്ന് വിമർശിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. അതിൻ്റെ പ്രതിഫലനമാണ് ദിലീപ് സിനിമകൾ ബഹിഷ്കരിക്കണെന്ന പൊതു സമൂഹത്തിന്റെ ആഹ്വാനമെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.
“കോടതി വിധിക്ക് ശേഷം പുറത്തുവന്ന ദിലീപിന്റെ പ്രതികരണങ്ങൾ അപ്പോൾ അനിവാര്യമായിരുന്നോ?. ഒന്നുമില്ലായ്മയിൽ നിന്നും തൻ്റെ കലാപരമായ കഴിവുകൊണ്ടും ബുദ്ധികൊണ്ടും കഠിനാധ്വാനം കൊണ്ടും മലയാള സിനിമയിലെ സമസ്ത മേഖലകളെയും കൈക്കുമ്പിളിൽ ഒതുക്കിയ നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലയളവുകൊണ്ടാണ് അദ്ദേഹം സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ ഒപ്പമെത്തിയത്. അദ്ദേഹത്തോടുള്ള ജനങ്ങളുടെ ഇഷ്ടം, അവർ ദിലീപിന് ജനപ്രിയ നായകൻ എന്ന് പേരും ചാർത്തികൊടുത്തു. അന്നൊക്കെ ദിലീപിൻ്റെ ഒരു ചിത്രം വരാൻ കണ്ണുംനട്ടിരുന്ന പ്രേക്ഷകരിൽ നല്ലൊരു ഭാഗം ഇന്ന് ദിലീപ് അഭിനയിക്കുന്ന ചിത്രങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ്. എന്നാൽ സിനിമാ രംഗത്തെ ആരും തന്നെ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹത്തെ ചേർത്തുനിർത്തുകയാണ് ചെയ്യുന്നത്. ദിലീപിൻ്റെ 85 ദിവസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ ‘രാമലീല’ എന്ന ചിത്രം ചിലരൊക്കെ ബഹിഷ്കരിക്കണമെന്ന് അന്ന് ആഹ്വാനം ചെയ്തപ്പോൾ മഞ്ജു വാരിയർ അന്ന് നടത്തിയ ഒരു പ്രസ്താവന നമുക്ക് മുൻപിൽ ഉണ്ടല്ലോ, സിനിമയെ സിനിമയായിട്ട് കാണണമെന്നും അത് ഒരുപാട് പേരുടെ അന്നമാണെന്നും അതിന്റെ പിന്നിൽ ഒരുപാട് പേരുടെ അധ്വാനം ഉണ്ടെന്നും പറഞ്ഞിരുന്നു. അത് മഞ്ജു വാരിയർ മാത്രമല്ല അന്ന് ദിലീപിനെ എതിർത്ത് രംഗത്തുവന്ന പല സിനിമാക്കാരുടെയും അഭിപ്രായം ഇതുതന്നെയായിരുന്നു.” ആലപ്പി അഷ്റഫ് പറഞ്ഞു
“‘രാമലീല’ ക്ക് ശേഷം പിന്നീട് വന്ന ദിലീപ് ചിത്രങ്ങൾ ഒന്നും തന്നെ നിലം തൊട്ടിട്ടില്ല. നൂറുകണക്കിന് കോടികളാണ് ദിലീപ് ചിത്രങ്ങളിലൂടെ നിർമാതാക്കൾക്ക് നഷ്ടമായത്. ദിലീപിന് വലിയൊരു തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായി വരുന്ന സിനിമയാണ് ‘ഭഭബ’. വിജയം ഉറപ്പുവരുത്താനായി മോഹൻലാൽ എന്ന മേമ്പടി കൂടി ചേർത്തിട്ടുണ്ട്. ഈ ചിത്രം റിലീസ് ആകുന്നതോടുകൂടി സിനിമാ രംഗത്തുള്ളവരെല്ലാം ദിലീപിനോട് ഭയ ഭക്തി ബഹുമാനത്തോടെ പെരുമാറുമെന്നുള്ള പ്രതീക്ഷയും അദ്ദേഹത്തിനുണ്ടാകാം. ഈ പ്രതീക്ഷകളെ എല്ലാം അപ്പാടെ തകിടം മറിച്ചത് കോടതി വിധി കേട്ട് പുറത്തിറങ്ങി വന്ന ദിലീപിൻ്റെ ശരീരഭാഷയും പ്രതികരണവുമാണ്, അവിടെ ഒരൽപം ‘ഭഭബ’ കാണിച്ചിരുന്നുവെങ്കിൽ പ്രശ്നം ഇത്രത്തോളം രൂക്ഷമാകില്ലായിരുന്നു. ഇത്രയൊക്കെ അനുഭവിച്ചിട്ടും അൽപം പോലും മാനസാന്തരം വന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. വിധി കേട്ട് പുറത്തുവന്നയുടനെ മഞ്ജു വാരിയരെയും അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും മീഡിയയെയും ഒക്കെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രതികരണം. ആർക്കെങ്കിലും അയാളോട് അല്പം സ്നേഹമുണ്ടായിരുന്നെങ്കിൽ അതുപോലുമില്ലാതാക്കുന്നതായിരുന്നു ആ പ്രകടനം. ദിലീപിന്റെ അപ്പോഴത്തെ വാക്കുകൾ അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് വിശ്വസിക്കുന്ന വലിയ ഒരു ജനവിഭാഗത്തിന് അമർഷവും ദേഷ്യവും ഉളവാക്കുന്നതായിരുന്നു. ഇതിന്റെയൊക്കെ പ്രതിഫലനം ആയിട്ടാകാം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിൽ ദിലീപ് അഭിനയിച്ച സിനിമയുടെ പ്രദർശനം തടഞ്ഞത്. സിനിമ ഉണ്ടായതുകൊണ്ടാണല്ലോ അതിജീവിതയും മഞ്ജു വാരിയരും ഒക്കെ ഉണ്ടായത്. സിനിമയും സിനിമക്കാരും നിലനിൽക്കുന്നത് നിങ്ങൾ ഉള്ളതുകൊണ്ടാണ്. ഇനി എന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്കു, ഞാൻ എപ്പോഴും പൊതുസമൂഹത്തോടൊപ്പമാണ്, അതിജീവിതക്കൊപ്പവും.” ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.
നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടു വർഷത്തിനുശേഷമാണ് വിധിവന്നത്. കേസില് എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടുക്കയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.
പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞത്. ഈ വിധി വന്നതിന് പിന്നാലെ നടി പാർവതി തിരുവോത്ത്, ഭാഗ്യലക്ഷ്മി, കമൽ, പ്രേംകുമാർ അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നു.