
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാളചിത്രമായ “ആഭ്യന്തര കുറ്റവാളി”യുടെ റിലീസ് വീണ്ടും നീട്ടിവെച്ചത്തിനെതിരെ സിനിമയുടെ പി ആർ ഒ രംഗത്ത് . ഏപ്രിൽ 17ന് തീയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം, കോടതിയിൽ സമർപ്പിക്കപ്പെട്ട പരാതിയെ തുടർന്ന് റിലീസ് അനിശ്ചിതമായി മാറ്റിയിരിക്കുകയാണ്. സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്നാരോപിച്ച് പി.കെ. അനീഷ് എന്നയാൾ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിരുന്നു.
നിർമാതാവായ നൈസാം സലീം കോടതിയെ സമീപിച്ചതിന് പിന്നാലെ സ്റ്റേ കോടതി പിൻവലിച്ചു. അതേ സമയം, ചിത്രത്തിലെ ഗാനം, ട്രെയിലർ എന്നിവ ഔദ്യോഗികമായി പുറത്തുവന്നെങ്കിലും, വീണ്ടും റിലീസ് നീട്ടിവെക്കപ്പെടുകയായിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ റിലീസ് വൈകുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കുകയാണ് പിആർഒ പ്രതീഷ് ശേഖർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയ പ്രതീഷ്, റിലീസ് തടയാൻ ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതായും, ആ ആരോപണങ്ങൾ വ്യാജമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
“നൈസാം സലീം സിനിമയുടെ നിർമാണത്തിന് വേണ്ടി ആ വ്യക്തിയിൽ നിന്ന് ഒരു പൈസയും കൈപ്പറ്റിയിട്ടില്ല. ‘കൃത്യമായ ധാരണപത്രം ഒപ്പിട്ടതിന് ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. അതിലുപരി, ഈ കേസിൽ ഉൾപ്പെട്ട വ്യക്തിയിൽ നിന്ന് ഒരു ചായ പോലും വാങ്ങിയിട്ടില്ല’, പ്രതീഷ് പറഞ്ഞു.
പരാതിക്കാരൻ പണം വാങ്ങിക്കൊണ്ടുള്ള സെറ്റിൽമെന്റിന് ശ്രമിച്ചുവെങ്കിലും, നിർമ്മാതാവ് അതിന് തയ്യാറല്ലെന്നും, “ചെയ്യാത്ത തെറ്റിന്റെ പേരിൽ താൻ ‘ആഭ്യന്തര കുറ്റവാളി’ ആകില്ല” എന്നതാണ് നൈസാം സലീമിന്റെ നിലപാട്. “സത്യത്തിന്റെ ജയം ഉറപ്പാണ്. സുപ്രീം കോടതിയിലും അദ്ദേഹം സത്യം തെളിയിക്കാൻ തയ്യാറാണ്. ഞാനും, സിനിമയുടെ മുഴുവൻ ടീമും അദ്ദേഹത്തോടൊപ്പം നിൽക്കുന്നുണ്ട്,” എന്നും പ്രതീഷ് ശേഖർ വ്യക്തമാക്കി.