
പ്രഭാസ് ചിത്രം ‘ദ് രാജാസാബിനെതിരെയുള്ള’ നെഗറ്റീവ് റിവ്യൂ പിൻവലിച്ചാൽ പണം നൽകാമെന്ന് അണിയറപ്രവർത്തകർ വാഗ്ദാനം ചെയ്തതായി ആരോപണമുന്നയിച്ച് സോഷ്യൽ മീഡിയ ഉപയോക്താവ്. ചിത്രത്തിനെതിരെയുള്ള നെഗറ്റീവ് റിവ്യൂ പിൻവലിച്ചാൽ 14,000 രൂപ നൽകാമെന്നാണ് അണിയറപ്രവർത്തകർ പറഞ്ഞതെന്ന് ഇയാൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ @BS__unfiltered എന്ന എക്സ് അക്കൗണ്ടിലൂടെയുള്ള രാജാ സാബിന്റെ ഔദ്യോഗിക അക്കൗണ്ടുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഈ അവകാശവാദം ഉന്നയിച്ചത്.
“എന്തൊരു ദുരന്ത പടമാണിത്,. ഈ അസംബന്ധം കാണാനായിട്ട് ഞാനെന്റെ സമയം മുഴുവൻ കളഞ്ഞു, തലവേദന തന്നെ.- എന്തൊരു കഷ്ടമാണ്!!! ഇത് ഡിലീറ്റ് ചെയ്യാൻ അവർ എനിക്ക് പണം വാഗ്ദാനം ചെയ്യുന്നു. ഞാനിത് ഡിലീറ്റ് ചെയ്യില്ല”.- അദ്ദേഹം സ്ക്രീൻഷോട്ട് പങ്കുവച്ച് കുറിച്ചു.
മാരുതി സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ ദ് രാജാസാബ് പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാരുതി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.