
നടൻ പ്രേംനസീറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളൊക്കെ അവസാനിച്ചതായി നടൻ ടിനി ടോം വ്യക്തമാക്കി. പ്രേംനസീർ ഫൗണ്ടേഷൻ തനിക്കു അംഗത്വം നൽകുകയും അടുത്ത പരിപാടിയിൽ അതിഥിയായി ക്ഷണിക്കുകയും ചെയ്തുവെന്നാണ് ടിനി ടോമിന്റെ വെളിപ്പെടുത്തൽ.
“ലണ്ടനിൽ നിന്ന് നാട്ടിൽ വന്ന ഉടൻ തന്നെ ഞാൻ ഫൗണ്ടേഷൻ ഭാരവാഹികളായ ചെയർമാൻ സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ഫൈസൽ (നസീർ സാറിന്റെ ഫസ്റ്റ് കസിൻ), ട്രഷറർ നാസർ എന്നിവരെ പോയി കണ്ടിരുന്നു. അവരൊക്കെ എന്നോട് മര്യാദയോടെയും സ്നേഹത്തോടെയുമാണ് പെരുമാറിയത്. തെറ്റിദ്ധാരണകളെല്ലാം നീങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ ക്ഷമാപണം മാത്രമേ ആവശ്യമുള്ളൂവെന്നും, യഥാർത്ഥത്തിൽ സംഭവിച്ചത് അവർക്കു വ്യക്തമാണെന്നും അവർ പറഞ്ഞു,” ടിനി ടോം പറഞ്ഞു.
“അമ്മ സംഘടനയിലോ മറ്റു സിനിമാ സംഘടനകളിലോ എനിക്ക് എതിരെ ആരും ഒന്നും പറഞ്ഞിട്ടില്ല. എന്നെ അടുത്തറിയുന്നവർക്ക് ടിനി അങ്ങനെ പറയുന്ന ഒരാളല്ലെന്ന് അറിയാം. പൊലീസ് ഡേ ചിത്രത്തിന്റെ ആഘോഷത്തിൽ രമേഷ് ചെന്നിത്തലയും പരസ്യമായി പിന്തുണ അറിയിച്ചു,” ഒരിക്കലും ഞാൻ പ്രേംനസീർ സാറിനെ അപമാനിക്കണമെന്ന് ആലോചിച്ചിട്ടില്ല. അപകടസമയങ്ങളിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ട്,” – ടിനി ടോം വ്യക്തമാക്കി.