നടന്‍ അലന്‍സിയറില്‍ നിന്നും നിരവധി തവണ മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി യുവ നടി . തന്റെ പേര് വെളിപ്പെടുത്താതെയാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത്. പ്രമുഖ ട്വിറ്റര്‍ ഹാന്‍ഡിലായ ഇന്ത്യ പ്രൊട്ടസ്റ്റിലൂടെയാണ് പേര് വെളിപ്പെടുത്താത്ത നടിയുടെ തുറന്നു പറച്ചില്‍ പുറത്ത് വന്നത്. തുടക്കക്കാരിയായതിനാലും ഇപ്പോഴും ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്നയാളെന്ന നിലയിലാണ് തന്റെ പേര് വെളിപ്പെടുത്താത്തതെന്നും നടി പറയുന്നു.നാലാമത്തെ സിനിമക്കിടെ അലന്‍സിയറില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അലന്‍സിയറിനൊപ്പമുള്ള തന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കുമെന്ന് പറഞ്ഞ്‌കൊണ്ടാണ് നടി തുടങ്ങുന്നത്.
ഞാന്‍ ഒരു അഭിനേത്രിയാണ്. അതും ഒരു തുടക്കക്കാരി. അവിവാഹിതയും. ഈ ഫീല്‍ഡില്‍ സ്വത്വം തെളിയിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സ്ത്രീയും. അജ്ഞാതയായി തുടരാനുള്ള കാരണം അതുതന്നെയാണ്.എന്റെ നാലാമത്തെ ചിത്രമായിരുന്നു അത്. അലന്‍സിയറുമൊത്തുള്ള ആദ്യത്തേതും. അത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന സിനിമയാണെന്നും ഉറപ്പുണ്ട്.വ്യക്തിപരമായി അടുത്തറിയുന്നതുവരെ ഈ കലാകാരനെ ഏറെ ബഹുമാനിച്ചിരുന്നു. ചുറ്റുമുള്ള സംഭവവികാസങ്ങളില്‍ അദ്ദേഹത്തിന്റെ പുരോഗമനമായ നിലപാടുകളും ലിബറല്‍ സമീപനവും തന്റെ വികലമായ വ്യക്തിത്വം മറച്ചുവെക്കാന്‍ വേണ്ടി മാത്രമാണ്.
ഞാന്‍ ഇത് എഴുതുന്ന സമയത്ത്, അതേ ചിത്രത്തിലും മറ്റ് ചിത്രങ്ങളിലും അദ്ദേഹത്തോടൊപ്പം അഭിനയിച്ചവര്‍ക്ക് യഥാര്‍ത്ഥ അലന്‍സിയറെ കുറിച്ച് കൂടുതല്‍ പറയാനുണ്ടാകുമെന്ന് എനിക്കറിയാം. ഇതെല്ലാം എഴുതുന്നതിന് ഒരുപാട് സമയമെടുത്തു. സമാനമായതോ അല്ലെങ്കില്‍ മോശമായതോ ആയ അനുഭവങ്ങളുണ്ടായവര്‍ക്ക് അക്കാര്യം തുറന്നെഴുതാന്‍ സ്വന്തം സമയം എടുക്കും.
ആദ്യമായി ഒരു ടേബിളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മോശം പെരുമാറ്റം ഉണ്ടായത്. വലിയൊരു നടന്‍ സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്ന് വിശദീകരിക്കുന്ന വ്യാജേന തന്റെ മാറിടത്തിലേക്ക് തുറിച്ചുനോക്കി. അസ്വസ്ഥയായ തന്നോട് കുറച്ചുകൂടി സോഷ്യലാകാനും കാര്യങ്ങളെ ലഘുവായി എടുക്കാനും അലന്‍സിയന്‍ ആവശ്യപ്പെട്ടു.
പിന്നീട് ഇതിന്റെ തുടര്‍ച്ചയെന്നോണം മറ്റൊരു നടിയുമായി തന്റെ റൂമിലെത്തിയപ്പോള്‍ കലാകാരി എന്ന നിലയ്ക്കുള്ള സ്വാതന്ത്ര്യത്തെ കുറിച്ചും ശരീരത്തെ അറിയുന്നതിനെ കുറിച്ചുമെല്ലാം സംസാരിച്ച അലന്‍സിയര്‍ തിയേറ്റര്‍ അനുഭവ സമ്പത്തുള്ള ഒരാള്‍ ദുര്‍ബലയായിരിക്കുന്നുവെന്ന തരത്തില്‍ തന്നെ പരിഹസിച്ചുവെന്ന് നടിപറയുന്നു. ഇറങ്ങിപ്പോകാന്‍ പറയണമെന്നുണ്ടായിരുന്നെങ്കിലും സീനിയോരിറ്റിയുംസഹപ്രവര്‍ത്തകയുടെ സാന്നിധ്യവും പരിഗണിച്ച് ഒന്നും പറയാനായില്ല.
പിന്നീട് ഒരിക്കല്‍ ആര്‍ത്തവപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ സംവിധായകനോട് ചോദിച്ച് മുറിയില്‍ വിശ്രമിക്കവെ തുടര്‍ച്ചയായി വാതിലില്‍ തട്ടിവിളിച്ചു. വാതില്‍പ്പഴുതിലൂടെ ആളെ മനസിലായപ്പോള്‍ സംവിധായകനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ഒരാളെ അങ്ങോട്ട് വിടാമെന്ന് സംവിധായകന്‍ പറഞ്ഞു. നിവൃത്തിയില്ലാതായപ്പോള്‍ ഫോണ്‍ കട്ടാക്കാതെ വാതില്‍ തുറന്നു. അയാള്‍ ചാടിക്കയറി വാതിലടക്കുകയായിരുന്നു. മദ്യപിച്ചിരുന്ന അയാള്‍ ബെഡില്‍ കയറിയിരുന്ന് തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ എങ്ങനെയാകണമെന്ന സിദ്ധാന്തങ്ങള്‍ പറഞ്ഞു. പെട്ടെന്ന് കോളിംഗ് ബെല്‍ ശബ്ദിച്ചു. സംവിധായകന്‍ പറഞ്ഞുവിട്ട അസോസിയേറ്റായിരുന്നു. അലന്‍സിയറെ ഒരു രംഗത്തിനായി സെറ്റ് കാത്തുനില്‍ക്കുകയാണെന്ന് വിശ്വസിപ്പിച്ച് അവിടെ നിന്നകറ്റി.
പിന്നൊരിക്കല്‍ രാത്രി മുഴുവന്‍ നീണ്ട ഷൂട്ടിംഗിനു ശേഷം ഉറങ്ങുകയായിരുന്നു. ഇരുവരുടെയും ഒരു പൊതുസുഹൃത്തും തന്നോടൊപ്പം ഉണ്ടായിരുന്നു. ഇടയ്ക്ക് അലന്‍സിയര്‍ വന്ന് ബെല്‍ അടിക്കുകയും അവള്‍ എഴുന്നേറ്റ് ചെന്ന് സംസാരിക്കുകയും ചെയ്തു. ഉറക്കം നഷ്ടപ്പെട്ട അവള്‍ കുളിക്കാന്‍ പോയി. എന്നാല്‍ റൂമിന്റെ വാതില്‍ അടയ്ക്കാത്തത് മനസിലാക്കിയ അലന്‍സിയര്‍ തിരിച്ചുവന്നുവെന്നും തന്റെ ബെഡ്ഷീറ്റിന് അടിയിലൂടെ വരാന്‍ തുടങ്ങിയെന്നും നടി ആരോപിക്കുന്നു. ഉച്ചത്തിലുള്ള തന്റെ അലര്‍ച്ച കേട്ട കൂട്ടുകാരി എന്താണെന്ന് വിളിച്ചു ചോദിച്ചപ്പോള്‍ അയാള്‍ തമാശയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. പിന്നീട് അവള്‍ അതിനെക്കുറിച്ച് ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തെല്ലാമോ പറഞ്ഞു. സംവിധായകന്‍ ഇതിനെയെല്ലാം എതിര്‍ക്കാന്‍ തുടങ്ങിയതോടെ സെറ്റില്‍ മദ്യപിച്ച് വരാനും നവാഗതനായ അയാള്‍ അണ്‍ പ്രൊഫഷണലാണെന്ന് ആക്ഷേപിക്കാനും തുടങ്ങി. പിന്നീടും താനുള്‍പ്പടെയുള്ള നടികളെ നോക്കിയിരിക്കുന്നതും വൃത്തികെട്ട ആംഗ്യങ്ങളും മോശം സംസാരത്തിനുള്ള ശ്രമവും തുടര്‍ന്നുവെന്നും നടി പറയുന്നു. തന്റെ വെളിപ്പെടുത്തലിന് പിന്നാലെ അലന്‍സിയര്‍ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്നും നടി വിശദീകരിച്ചു.