
മെട്രോയില്‍ സഞ്ചരിച്ച സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ട്വിറ്ററിലൂടെയാണ് താരം ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. നിറയെ ആളുകളുണ്ടായിരുന്നിട്ടും അക്ഷയ് കുമാറിനെ ആരും തിരിച്ചറിഞ്ഞില്ല. ഗട്‌കോപറില്‍ നിന്നും വെര്‍സോവ വരെയാണ് താരം മെട്രോയില്‍ സഞ്ചരിച്ചത്. കാറില്‍ പോയാല്‍ രണ്ട് മണിക്കൂറുകൊണ്ട് എത്തുന്ന സ്ഥലത്ത് മെട്രോയില്‍ 20 മിനുറ്റ് കൊണ്ടെത്തിയ സന്തോഷത്തിലാണ് താരം.
‘ഗുഡ് ന്യൂസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഗട്‌കോപറില്‍ നിന്നും വെര്‍സോവ വരെ പോകാനായി മെട്രോ നിര്‍ദേശിച്ചത് സംവിധായകന്‍ രാജ് മെഹ്ത ആണെന്ന് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ‘മെട്രോയില്‍ തിരക്കാകും നിറയെ ആള്‍ക്കാരുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ കുറച്ച് റിസ്‌ക്ക് എടുത്ത് പോകാമെന്ന് രാജ് മെഹ്ത പറഞ്ഞു. രണ്ട് സെക്യൂരിറ്റികള്‍ക്കൊപ്പം ഒരു മൂലയിലാണ് ഞാന്‍ ഇരിക്കുന്നത്. ആരും തിരിച്ചറിഞ്ഞില്ല’ എന്നാണ് വീഡിയോയിലൂടെ താരം പറയുന്നത്. ‘ഞങ്ങള്‍ക്ക് ഇത് തികച്ചും ആനന്ദകരമായ യാത്രയായിരുന്നു. മെട്രോയില്‍ ഒരു ബോസിനെ പോലെ യാത്ര ചെയ്തു’ എന്നാണ് ക്യാപ്ഷനായി അക്ഷയ് കുറിച്ചിരിക്കുന്നത്.