
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് തമിഴ് നടന്‍ അജിത്ത്. തനിക്ക് രാഷ്ട്രീയമില്ല ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം നടത്തില്ലെന്നും അജിത്ത് പറഞ്ഞു. അജിത്തിന്റെ ആരാധകരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
‘തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നത് മാത്രമാണ് രാഷ്ട്രീയത്തിലുള്ള എന്റെ പങ്ക്. ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കാനോ വോട്ട് ചെയ്യാനോ എന്റെ ആരാധകരോട് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഭാവിയിലും ചെയ്യില്ല. രാഷ്ട്രീയത്തില്‍ എനിക്ക് എന്റേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. മറ്റുള്ളവരുടെ കാഴ്ചപ്പാട് എനിക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിച്ചിട്ടുമില്ല’ അജിത്ത് വ്യക്തമാക്കി.
‘സിനിമ ഇന്‍ഡസ്ട്രിയില്‍ അഭിനേതാവ് എന്നതാണ് എന്റെ പ്രൊഫഷന്‍. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഫാന്‍ ക്ലബ്ബുകള്‍ വേണ്ടെന്ന് വെച്ചത്. രാഷ്ട്രീയ ബന്ധങ്ങളില്‍ നിന്നും എന്നേയും ഫാന്‍ ക്ലബ്ബുകളേയും അകറ്റി നിര്‍ത്തുകയായിരുന്നു. എന്നിട്ടും ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് എന്റേയും എന്റെ ആരാധകരുടേയും പേരുകള്‍ വരുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ ഇത്തരം വാര്‍ത്തകള്‍ എനിക്ക് രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന തോന്നലുകള്‍ ഉണ്ടാക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.