ബോളിവുഡ് അഭിനേത്രിയും മുന്‍ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന് ഇന്ന് 45 വയസ്സ് തികയുന്നു. സിനിമയില്‍ മാത്രമല്ല പരസ്യങ്ങളിലും ഈ താരം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ക്ഷണനേരം കൊണ്ടാണ് താരത്തെക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോയും വൈറലാവാറുള്ളത്. മോഡലിംഗ് രംഗത്തുനിന്നുമാണ് ഈ താരം സിനിമയിലേക്കെത്തിയത്.
1973 നവംബര്‍ ഒന്നിന് കൃഷ്ണരാജ്, വൃന്ദരാജ് റായ് ദമ്പതികളുടെ മകളായി കര്‍ണ്ണാടകയില്‍ ജനനം. 1994 ലെ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ പ്രശസ്തയാവുന്നത്. ഇരുപത്തിയൊന്നാം വയസില്‍ ലോക സുന്ദരിപ്പട്ടം എന്ന ബഹുമതി കരസ്ഥമാക്കിയതിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ ഐശ്വര്യയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്ര ലോകത്തേക്കുളള അരങ്ങേറ്റം.
1998 ല്‍ പുറത്തിറങ്ങിയ ‘ജീന്‍സ്’ സിനിമയാണ് ഐശ്വര്യയെ ശ്രദ്ധേയമാക്കിയത്.സഞ്ചയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തിയത്.ബോളിവുഡില്‍ തിരക്കിലായിരിക്കുമ്പോഴും തമിഴ്, ബംഗാളി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു.
ബ്രൈഡ് ആന്‍ പ്രിജുഡിസ്’ (2003), ‘മിസ്ട്രസ് ഓഫ് സ്‌പൈസസ്’ (2005), ‘ലാസ്റ്റ് ലിജിയന്‍; (2007) എന്നീ രാജ്യാന്തര ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2007 ല്‍ നടന്‍ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തില്‍ നിന്നും തല്‍ക്കാലികമായി വിട്ടു നിന്നു. മകള്‍ ആരാധ്യയുടെ ജനനശേഷം വീണ്ടും ബോളിവുഡില്‍ സജീവയായി. ഇപ്പോള്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനുമൊത്ത് ‘ഗുലാബ് ജാമുന്‍’ എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു.