
മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വരുന്ന ചിത്രം “ഹൃദയപൂർവത്തിൽ” നിന്നും പിൻമാറാനുള്ള കാരണം തുറന്നു പറഞ് ഐശ്വര്യ ലക്ഷ്മി. ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് ഹൃദയപൂർവ്വത്തിൽ നിന്നും പിന്മാറിയതെന്നാണ് താരത്തിന്റെ വിശദീകരണം.
‘ഡേറ്റ് ഇല്ലായിരുന്നു. നേരത്തെ കമ്മിറ്റ് ചെയ്ത തെലുങ്ക് സിനിമയുടെ ഷൂട്ട് ഡിസംബറിൽ ഉണ്ടായിരുന്നു. അത് ഇതുവരെ തീർന്നിട്ടില്ല. എനിക്ക് ഹൃദയപൂർവ്വം വിധിച്ചിട്ടില്ല. ഡേറ്റ് ക്ലാഷ് വരുമ്പോൾ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. കൊടുത്ത വാക്ക് മാറ്റാൻ കഴിയില്ലല്ലോ’, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ‘ഇനി ബിഗ് സ്‌ക്രീനിൽ കാണാം’ എന്ന തലക്കെട്ടോടെ സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം മോഹൻലാൽ പങ്കുവെച്ചിരുന്നു. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. ‘ഹൃദയപൂർവ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടന്‍റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം’ എന്നാണ് സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.