
രാജമൗലി-മഹേഷ് ബാബു കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിനായി നിർണായകമായ തീരുമാനമെടുത്ത് നടൻ മഹേഷ് ബാബു. ആക്ഷൻ രംഗങ്ങൾക്കും റിയലിസത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ ഡ്യൂപ്പ് ഉപയോഗം പരമാവധി ഒഴിവാക്കാനാണ് മഹേഷ് ബാബു തീരുമാനിച്ചിരിക്കുന്നത്. സംവിധായകന്റെ ‘പെർഫക്ഷൻ’ വിഷനോട് ചേർന്നാണ് മഹേഷ് ബാബുവിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്നേ നടന്മാരായ പ്രഭാസും രാം ചരണുമൊക്കെ ഇത്തരത്തിൽ തങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ പരമാവധി സ്വയം ചെയ്തിരുന്നവരാണ്.
എസ്എസ്എംബി 29 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്.1000 കോടിയാണ് ചിത്രത്തിന്‍റെ പറയപ്പെടുന്ന ബജറ്റ്. ഹനുമാനില്‍ നിന്നും ഇന്ത്യാന ജോണ്‍സില്‍ നിന്നുമൊക്കെ പ്രചോദിതമായ ഒരു ജംഗിള്‍ അഡ്വഞ്ചര്‍ ത്രില്ലര്‍ ആണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താടി നീട്ടി, ചുരുണ്ട മുടിയുമായി ആവും മഹേഷ് ബാബു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ മഹേഷ് ബാബുവിന്‍റെ ഒരു സോളോ ഡാന്‍സ് നമ്പറും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു വലിയ മാര്‍ക്കറ്റിന്‍റെ മാതൃകയില്‍ ഹൈദരാബാദില്‍ ഇടുന്ന കൂറ്റന്‍ സെറ്റില്‍ ആയിരിക്കും ഈ ഗാനരംഗത്തിന്‍റെ ചിത്രീകരണം. ഹൈദരാബാദിലെയും ഒഡിഷയിലെയും ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. അടുത്ത ഷെഡ്യൂള്‍ ചിത്രീകരിക്കുക കെനിയയിലാണ്. എന്നാല്‍ പ്രദേശത്തെ സംഘര്‍ഷാവസ്ഥ കാരണം ഷെഡ്യൂള്‍ നീളുകയാണെന്നാണ് പുതിയ വിവരം. സംഘര്‍ഷാവസ്ഥ നീണ്ടാല്‍ ടാന്‍സാനിയയിലോ സൗത്ത് ആഫ്രിക്കയിലോ ചിത്രീകരണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.