‘നരിവേട്ട’ എന്ന സിനിമ വളരെ മോശമായിപ്പോയി, തന്റേടമില്ലാത്തവർ ഈ സിനിമ പിടിക്കാൻ പാടില്ല”; സി കെ ജാനു

','

' ); } ?>

ടൊവിനോ തോമസ് ചിത്രം ‘നരിവേട്ട’ എന്ന സിനിമ വളരെ മോശമായിപ്പോയെന്ന് തുറന്നുപറഞ്ഞ് ആദിവാസി ഗോത്രസഭ സംസ്ഥാന ചെയർപേഴ്സൺ സി കെ ജാനു. യഥാർഥ സംഭവങ്ങളെ മാറ്റി, ഇപ്പോഴത്തെ ആളുകളുടെ ആശയമാണ് സിനിമയിലൂടെ കാണിച്ചതെന്നും, ആദിവാസികളുടെ ചരിത്ര സമരത്തെ തെറ്റായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സി കെ ജാനു പറഞ്ഞു. മുത്തങ്ങ സമരം ഉൾപ്പെടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ സി.കെ ജാനു, മനോരമ ഹോർത്തുസിൽ “ഭൂമിയുടെ അവകാശികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു.

‘തന്റേടമില്ലാത്തവർ ഈ സിനിമ പിടിക്കാൻ പാടില്ല. അത് തന്റേടമുള്ളവർ മാത്രമേ ചെയ്യാൻ പാടുള്ളൂ. പൊലീസിനെയും സർക്കാരിനെയും സംരക്ഷിക്കാൻ വേറെ വഴി നോക്കിക്കോണം. കോടതിയിലടക്കം ഇതിനെതിരെ പോകാൻ നോക്കിയതാണ് ഞങ്ങൾ. ഇനിയെങ്കിലും ആദിവാസികളുടെ ചരിത്രത്തെ വളച്ചൊടിക്കരുത്. സിനിമയിൽ ഇങ്ങനെ കൊണ്ടുവന്നത് വളരെ മോശമായിപ്പോയി. കാശുണ്ടാക്കാൻ വേണ്ടി ഇപ്പോഴും ആദിവാസികളെ ഉപയോഗിക്കുകയാണ്. ഒരു മാടമ്പി മനോഭാവമാണ് ഇവർക്കുള്ളത്. ആദിവാസികളല്ലാത്ത ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സമരത്തെ പറ്റി ഇങ്ങനെ സിനിമ എടുക്കുമോ?’-സികെ ജാനു ചോദിച്ചു.

“യഥാർഥ സംഭവങ്ങളെ മാറ്റി ഇപ്പോഴത്തെ ആളുകളുടെ ആശയമാണ് സിനിമയിലൂടെ കാണിച്ചത്. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത ഒരാൾക്കും അവരോട് കാണിച്ച കാര്യങ്ങൾക്ക് ഒരിക്കലും ക്ഷമിക്കാൻ പറ്റില്ല. യഥാർഥത്തിൽ നടന്ന കാര്യങ്ങൾ അവരുടേതായ താത്പര്യങ്ങൾക്കനുസരിച്ച് മാറ്റിയിട്ടുണ്ട്.” സി കെ ജാനു കൂട്ടിച്ചേർത്തു.

ടോവിനോയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് “നരിവേട്ട”. സുരാജ്, തമിഴ് നടൻ ചേരാൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു. ചേരന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഇത്. ആദിവാസി ഭൂസമര നായികയും നിലമ്പൂരിലെ ഉരുക്കു വനിതയുമായ ബിന്ദു വൈലശ്ശേരി, ആദിവാസി ദലിത് വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന എം ഗീതാനന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ എം.കെ രാംദാസായിരുന്നു മോഡറേറ്റർ.