താര സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിന് നിരവധി പ്രമുഖരാണ് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടതെന്ന് ശ്രീകുമാരന്‍ തമ്പി.മലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷന്‍ മേഖലകളിലെ പ്രശസ്തനാണിദ്ദേഹം.
ശ്രീകുമാരന്‍ തമ്പിയുടെ ഫേസ് ബുക്ക് കുറിപ്പ്.
“അമ്മ” എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവ്വതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തിൽ തൽപ്പര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്. ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ “എക്സ്ട്രാനടന്റെ”കളിതമാശ”യായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. ” “അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കു കുട പിടിക്കും ” എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവ്വതി എന്ന് “ചാർളി, എന്ന് നിന്റെ മൊയ്തീൻ, ടേക് ഓഫ് , ഉയരെ , QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാർവ്വതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാൻ കഴിയും. ഷീല,ശാരദ,കെ.ആർ.വിജയ ,ലക്ഷ്മി, ശ്രീവിദ്യ ,ജയഭാരതി,സീമ, വിധുബാല ,നന്ദിത ബോസ്,പൂർണ്ണിമ ജയറാം, ഉർവ്വശി ,മേനക ,രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാൻ. സ്ത്രീവിമോചനം വിഷയമാക്കി “മോഹിനിയാട്ടം ” എന്ന നായകനില്ലാത്ത
ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമ്മിച്ച സംവിധായകനുമാണ്. പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു.
നടന്‍ ഹരീഷ് പേരടി ഇങ്ങനെ കുറിക്കുന്നു
ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു…നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ…അഭിവാദ്യങ്ങള്‍ …മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു….തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്…എന്ന് – അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി …
അമ്മ സംഘടനയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബു സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെകുറിച്ച് അവഹേളനാപരമായ പരാമര്‍ശം നടത്തി എന്ന് ആരോപിച്ചാണ് പാര്‍വതി രാജിവെച്ചത്.