മലയാളികളുടെ പ്രിയനടി ഭാമ വിവാഹിതയായി. അരുണ്‍ ആണ് വരന്‍. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. സുരേഷ് ഗോപി, മിയ, വിനു മോഹന്‍, വിദ്യ വിനുമോഹന്‍ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മെഹന്ദി ചടങ്ങ് നടന്നത്. മെഹന്ദി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അടുത്തിടെയായിരുന്നു വിവാഹത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്.
കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് വളര്‍ന്നത് കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കൊച്ചിയില്‍ സ്ഥിരതാമസമായ ഇവര്‍ വര്‍ഷങ്ങളായി ദുബായിയില്‍ ബിസിനസ് ചെയ്യുന്നു. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍കൂടിയാണിവര്‍. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയിലേക്കെത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. കന്നഡ, തമിഴ് തെലുങ്ക് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.