തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെ നടന്‍ വിജയ് കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. തന്റെ പേരിലോ ഫാന്‍സ് ക്ലബിന്റെ പേരിലോ യോഗങ്ങള്‍ നടത്തുന്നതിനെതിരെയാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വിജയിയുടെ മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖര്‍, ശോഭ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ വിജയിയുടെ ഫാന്‍സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. വിജയിയുടെ അച്ഛനും അമ്മയുമാണ് പാര്‍ട്ടിയുടെ ട്രഷറര്‍മാര്‍.
‘എന്റെ അച്ഛന്‍ പുറത്തിറക്കുന്ന പ്രസ്താവനകളുമായി നേരിട്ടോ അല്ലാതെയോ എനിക്ക് ഒരു ബന്ധവുമില്ല. അച്ഛന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പിന്തുടരേണ്ട ആവശ്യം എനിക്ക് ഇല്ല. അച്ഛന്‍ ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് ഒഴിവാക്കണമെന്നാണ് എന്റെ ആരാധകരോട് പറയാനുള്ളത്. എന്റെ പേരോ, ചിത്രമോ, എന്റെ ആരാധക കൂട്ടായ്മയേയോ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചാല്‍ ഞാന്‍ അവര്‍ക്ക് നേരെ വേണ്ട നടപടി സ്വീകരിക്കും,’ തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ വിജയ് പറഞ്ഞു.
വിജയിയുടെ പേരില്‍ പാര്‍ട്ടി ആരംഭിക്കുമെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പത്മനാഭന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്.
പിതാവ് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്നു വിജയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. വിജയ് ഫാന്‍സ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ അപേക്ഷ നല്‍കിയതോടെയാണു ഭിന്നതയുടെ തുടക്കം കരറിച്ചിരുന്നത്. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കിയിരുന്നു. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പരസ്യ പ്രസ്താവന അരുതെന്ന വിലക്കിയിട്ടും ചെവിക്കൊള്ളാത്ത പിതാവുമായി അഞ്ചു വര്‍ഷമായി വിജയ് മിണ്ടാറില്ലെന്ന് വിജയ്യുടെ അമ്മ ശോഭയും വ്യക്തമാക്കിയിരുന്നു.