
നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്‌കാരം നടന്നു . രാവിലെ പത്തര മണിയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത് . ഒൻപത് മണിയോടെ മുണ്ടൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. ഷൈൻ ടോമും അമ്മ മരിയയും ആശുപത്രിയിൽ നിന്നുമാണ് രാവിലെ വീട്ടിലെത്തിയത്. ഇടതു തോളിനു പരുക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മയെ സ്ട്രെച്ചറിലാണ് കൊണ്ടുവന്നത്.
ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടിൽ പൊതുദർശനത്തിനെത്തിചിരുന്നു. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലൻഡിൽ നിന്നെത്തിയിട്ടുണ്ട്. ചാക്കോ മരിച്ച വിവരം ഭാര്യ മരിയയെ അറിയിച്ചിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണു സൂചിപ്പിച്ചിരുന്നത്. ഇന്നു രാവിലെയാണ് ഭർത്താവ് ഇനി തനിക്കൊപ്പമില്ലെന്ന് അവർ അറിയുന്നത്. പ്രിയതമനെ അവസാനമായി കാണാനെത്തിയ മരിയയുടെ നിമിഷങ്ങൾ കണ്ടുനിന്നവര്‍ക്കും വേദനയായി.
ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. സംസ്കാര ചടങ്ങുകള്‍ പൂർത്തിയായ ശേഷം ഷൈനിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കാൻ കൊണ്ട് പോയിട്ടുണ്ട്.നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. എങ്കിലും ആരോഗ്യവാനാണ്. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെങ്കിലും ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും. അമ്മ മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരുക്കും സ്ഥാനചലനവും. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. മരിയയ്ക്കു രണ്ടു മാസത്തെ പൂർണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ നിഗമനം.