
തമിഴ് നാട്ടിലെ സേലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. നിലവില്‍ ഷൈനും ഇടുപ്പെല്ലിന് പരിക്കേറ്റ അമ്മ മരിയ കാര്‍മലും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഷൈനിന്റെ ഇടത് തോളിന് താഴെ മൂന്ന് പൊട്ടലുണ്ട്.
ഷൈനിന്റെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാരം ഇന്ന് രാവിലെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ നടക്കും. ഈ ചടങ്ങിനായി ഷൈനിനെ ആശുപത്രിയില്‍നിന്ന് മുണ്ടൂരിലെത്തിക്കും. തുടര്‍ന്ന് ആശുപത്രിയില്‍ തിരിച്ചെത്തിയശേഷമായിരിക്കും ശസ്ത്രക്രിയ. അമ്മ മരിയയെ ചാക്കോയുടെ വിയോഗവാര്‍ത്ത അറിയിച്ചിട്ടില്ല. സഹോദരിമാരായ സുമിയും റിയയും ന്യൂസീലന്‍ഡിന്‍ നിന്ന് എത്തിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയും സിനിമാ മേഖലയിലെ മറ്റ് സുഹൃത്തുക്കളും ഷൈനിനെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈൻ ടോം ചാക്കോയുടെ കുടുംബം വാഹനാപകടത്തിൽ പെടുന്നത്. ഷൈനിന്റെ പിതാവ് അന്ന് തന്നെ മരണപ്പെടുകയും ചെയ്തിരുന്നു. സഞ്ചരിച്ച വാഹനത്തിലേക്ക് മറുഭാഗത്തുനിന്ന് വന്ന ലോറി അപ്രതീക്ഷിതമായി തിരിഞ്ഞതാണ് അപകടകാരണമെന്ന് ഷൈനിന്റെ ഡ്രൈവർ അനീഷ് മൊഴി നൽകിയിരുന്നു. ‘ഷൈനിന്റെ ചികിത്സക്കായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. മൂത്രമൊഴിക്കാനായി ഡബിള്‍ ട്രാക്കിന്റെ ഇടതു ഭാഗം ചേര്‍ന്ന് വണ്ടി ഓടിക്കുകയായിരുന്നു. ദൂരെ വലതുവശത്തായി ലോറി പോകുന്നത് കാണാമായിരുന്നു. ലോറിയുടെ അടുത്തെത്തി ക്രോസ് ചെയ്യാനായി നില്‍ക്കുമ്പോള്‍ ലോറി വലതു വശത്തുനിന്ന് ഇടത്തേക്ക് പെട്ടെന്ന് കടന്നു വന്നു. പുലര്‍ച്ചെയായതുകൊണ്ടു തന്നെ 60-80 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. അതുകൊണ്ട് പെട്ടന്ന് ബ്രേക്ക് ചെയ്യാൻ കഴിയാത്തതിനാല്‍ ലോറിയുടെ പിന്നില്‍ പോയി ഇടിക്കുകയായിരുന്നു’, അനീഷ് പറഞ്ഞു. ‘ഷൈന്റെ അച്ഛന്‍ പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവിങ് സീറ്റിൻ്റെ പിന്നിലേക്ക് വന്ന് ഇടിച്ച് അദ്ദേഹത്തിന്റെ തല പൊട്ടി. അതിലേ വന്ന ആളുടെ വണ്ടിയിലാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി എത്തുന്നതു വരെ അച്ഛന്‍ മൂളുന്നുണ്ടായിരുന്നുവെന്നും അനീഷ് പറഞ്ഞു.