
ഓമനപ്പുഴയിലെ റിസോർട്ടിൽനിന്ന് രണ്ടുകോടി രൂപ വിലവരുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമില്ല. മറ്റൊരു നടനായ ശ്രീനാഥ് ഭാസി 21-ാം സാക്ഷിയാണ്. എക്സൈസ് അന്വേഷണസംഘം ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
10 വർഷം വരെ തടവും പുറമേ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ടിവി റിയാലിറ്റിഷോ അഭിനേതാവ് ജിന്റോ, മോഡൽ സൗമ്യ എന്നിവർ ഉൾപ്പെടെ ഒട്ടേറെപ്പേരെ ചോദ്യംചെയ്തെങ്കിലും ഇവർക്കാർക്കും കേസിൽ പങ്കില്ലെന്നാണ് എക്സൈസ് കണ്ടെത്തൽ.
രണ്ടായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ 55 സാക്ഷികളുണ്ട്. ഇരുനൂറിലധികം പേരുടെ മൊഴികൾ രേഖപ്പെടുത്തി. നടൻ ശ്രീനാഥ് ഭാസിയടക്കം ആറുപേർ കോടതി മുൻപാകെ രഹസ്യമൊഴി നൽകിയതും കുറ്റപത്രത്തിലുണ്ട്. തസ്‌ലിമയുടെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കളും സാക്ഷിപ്പട്ടികയിലുണ്ട്. പ്രതികൾക്കു ജാമ്യം നൽകരുതെന്നും കസ്റ്റഡിയിലിരിക്കേത്തന്നെ വിചാരണ പൂർത്തിയാക്കണമെന്നുമാണ് എക്സൈസ് ആവശ്യപ്പെട്ടിരിക്കുന്നത്. റിമാൻഡിലായി 60 ദിവസമാകുമ്പോൾ സ്വാഭാവികജാമ്യം ലഭിക്കേണ്ടതാണ്. എന്നാൽ, 58-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കാനായത്. ഏപ്രിൽ ഒന്നിനാണ് കഞ്ചാവു പിടിച്ചത്.
കഞ്ചാവുമായി പിടിയിലായ തസ്‌ലിമാ സുൽത്താന (ക്രിസ്റ്റീന-41), സഹായി മണ്ണഞ്ചേരി സ്വദേശി ഫിറോസ്, തസ്‍ലിമയുടെ ഭർത്താവും മുഖ്യസൂത്രധാരനുമായ സുൽത്താൻ അക്ബർ അലി (43) എന്നിവരാണ് യഥാക്രമം ഒന്നുമുതൽ മൂന്നുവരെ പ്രതികൾ. റിമാൻഡിൽ കഴിയുന്ന ഇവർ മാത്രമാണു പ്രതികൾ.