കൂടുതല്‍ പ്രതിഫലം തരാതെ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് നടന്‍ ഷെയ്ന്‍ നിഗം. കരാര്‍ പ്രകാരം ജനുവരി അഞ്ചിനകം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ പ്രതിഫല പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും അത് പരിഹരിക്കാതെ ചിത്രത്തോട് സഹകരിക്കില്ലെന്നുമാണ് ഷെയ്‌നിന്റെ നിലപാട്.
നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. ഉല്ലാസം സിനിമയുടെ കരാര്‍ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ലക്ഷം രൂപയായി ഷെയിന്‍ നിഗം കൂട്ടി ചോദിച്ചതായും ചൂണ്ടിക്കാട്ടി സിനിമയുടെ നിര്‍മാതാക്കളായ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 19ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഈ കത്തിന് ഇതുവരെ ഷെയ്ന്‍ മറുപടി നല്‍കാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.
ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി. പ്രതിഫല തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ന്‍. ജനുവരി ഒന്‍പതിന് ചേരുന്ന അമ്മ ഭാരവാഹി യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും പ്രശ്‌നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ പറയുന്നു.