
കാന്താര 2 സിനിമയുടെ പ്രധാന കഥാപാത്രങ്ങളിലൊരാളായ നടൻ രാകേഷ് പൂജാരി (33) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉഡുപ്പിയിലെ മിയാറിൽ സുഹൃത്തിന്റെ മെഹന്ദി ചടങ്ങിൽ പങ്കെടുത്തതിനിടെ കുഴഞ്ഞുവീണ രാകേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.
കന്നഡ-തുളു ടെലിവിഷൻ താരം കൂടിയായ രാകേഷ്, കോമഡി റിയാലിറ്റി ഷോയായ കോമഡി കില്ലാഡികൾ വിജയിയായിരുന്നു. പിന്നീട് സിനിമയിലെത്തിയ അദ്ദേഹം നിരവധി കന്നഡ-തുളു ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
ഞായറാഴ്ച കാന്താര 2 സിനിമയിലെ തന്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞ് രാത്രിയോടെ മെഹന്ദി ചടങ്ങിലേക്ക് എത്തിയതായിരുന്നു രാകേഷ്. ചിത്രത്തിലെ രാകേഷിന്റെ രംഗങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കര്‍കാല ടൗണ്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അതേസമയം, നേരത്തെ കാന്താര 2യിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്ന മലയാളിയായ എം.എഫ്. കപിൽ (വൈക്കം) സൗപര്‍ണിക നദിയിൽ മുങ്ങിമരിച്ചിരുന്നു. മേയ് 6ന് സഹപ്രവർത്തകരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. അന്ന് ഷൂട്ടിംഗ് നടന്നിരുന്നില്ലെന്ന് ചിത്രത്തിൻറെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.