
അന്തരിച്ച നടൻ തിലകനേയും സംവിധായകൻ സച്ചിയേയും അനുസ്‌മരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. വിലായത്ത് ബുദ്ധയിൽ ഷമ്മി തിലകൻ്റെ ശബ്‌ദവും സംഭാഷണങ്ങളുമെല്ലാം തിലകനെ വലിയ രീതിയിൽ ഓർമിപ്പിച്ചുവെന്നും, വിലായത്ത് ബുദ്ധ ഇറങ്ങുന്നത് 20 വർഷം മുമ്പായിരുന്നെങ്കിൽ ഭാസ്‌കരൻ മാഷ് എന്ന കഥാപാത്രം തിലകൻ തന്നെ ചെയ്തേനെയെന്നും പൃഥ്വിരാജ് പറഞ്ഞു. കൂടാതെ തൻ്റെ ജീവിതത്തിൽ ഇനി ഒരു സിനിമ പോലും സച്ചി തന്നെ വെച്ച് ചെയ്യില്ലെങ്കിൽ പോലും, താൻ ഇപ്പോഴും സച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. തെന്റെ പുതിയ ചിത്രം വിലായത്ത് ബുദ്ധയുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
“ഷമ്മി ചേട്ടന്റെയും തിലകൻ സാറിൻ്റെയും അപ്പിയറൻസിൽ സ്വാഭാവികമായ സാദൃശ്യങ്ങൾ ഉണ്ട്. പ്രത്യേകിച്ച് ഷമ്മി ചേട്ടൻ കുറച്ചുകൂടി പ്രായമായപ്പോൾ, ഒരു യങ് തിലകനെ ഓർമ്മിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിനുണ്ട്. സിനിമയിൽ ഷമ്മി ചേട്ടൻ്റെ പ്രായമായ രൂപം എനിക്ക് തിലകൻ അങ്കിളിനെ ഒരുപാട് ഓർമ്മ വരുത്തി. തിലകൻ അങ്കിളിന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ കുറച്ചധികം നാളുകൾ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചിരുന്നു. അതിലെ തിലകൻ അങ്കിളിൻ്റെ ക്യാരക്‌ടർ അപ്പിയറൻസും വിലായത്ത് ബുദ്ധയിലെ ഷമ്മി ചേട്ടന്റെ ഓൾഡ് അപ്പിയറൻസും സമാനമായി തോന്നി. ഷമ്മി ചേട്ടന്റെ ശബ്‌ദം, ചില സമയങ്ങളിൽ ഡയലോഗുകൾ ത്രോ ചെയ്യുന്ന രീതി എന്നിവയെല്ലാം തിലകനെ ഭയങ്കരമായി ഓർമ്മിപ്പിക്കുന്നതാണ്. ഈ കഥാപാത്രത്തിന് ഒരു “തിലകൻ വൈബ്” ഉണ്ട്. ഒരുപക്ഷേ വിലായത്ത് ബുദ്ധ 20-25 വർഷം മുൻപാണ് സംഭവിച്ചിരുന്നതെങ്കിൽ, ഭാസ്കരൻ മാഷ് ഉറപ്പായിട്ടും തിലകൻ അങ്കിൾ ആയിരുന്നേനെ എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.” പൃഥ്വിരാജ് പറഞ്ഞു.
“സച്ചി സാറിനെ ഓർമവരാൻ ഷൂട്ടിങ് ഉണ്ടാവണമെന്നില്ല. സിനിമാ മേഖലയിൽ വലിയ സുഹൃദ്‌വലയം ഉള്ള ആളല്ല ഞാൻ. ഒരു സുഹൃത്ത് എന്ന് തോന്നിയ ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു സച്ചി. എല്ലാ വർഷവും അടുപ്പിച്ച് സിനിമ ചെയ്യുന്നവരായിരുന്നില്ല ഞങ്ങൾ. എന്നാൽ അദ്ദേഹത്തിന് ഒരു പ്രതിസന്ധി ഉണ്ടാവുകയാണെങ്കിൽ എന്നെ വിളിക്കുമെന്നറിയാം. എനിക്ക് തിരിച്ചും അങ്ങനെയായിരുന്നു. എന്റെ ജീവിതത്തിൽ ഇനി ഒരു സിനിമ പോലും സച്ചി എന്നെ വെച്ച് ചെയ്യില്ലെങ്കിൽ പോലും, ഇപ്പോഴും സച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു”.പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്‌ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ചിത്രം ർവ്വശി തിയേറ്റേഴ്സിന്റെറെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. ജി. ആർ ഇന്ദുഗോപൻ്റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്‌ണയാണ് ചിത്രത്തിലെ നായിക. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ.