കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കിയിറങ്ങിയ ചാലക്കുടിക്കാരന്‍ ചങ്ങാതി വിജയകരമായി മുന്നോട്ട് പോവുമ്പോള്‍ മണിയുടെ കുടുംബാംഗങ്ങള്‍ ആരും സിനിമ ഇനിയും കണ്ടിട്ടില്ല. സിനിമ കാണാത്തതിനെ കുറിച്ച് സഹോദരനും കലാകാരനുമായ രാമകൃഷ്ണന്‍ മനോരമ ഓണ്‍ലൈനിന് നല്‍ിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്.
‘എല്ലാവരും നല്ല സിനിമയാണെന്നാണ് പറയുന്നത്. പക്ഷെ ഞങ്ങള്‍ക്കത് കാണാനുള്ള ശക്തി ഇതുവരെയില്ല. നമ്മള്‍ ജീവിച്ച ആ ദുരന്തനാളുകള്‍ വീണ്ടും കാണാനുള്ള മനോധൈര്യമില്ല. ചേട്ടന്‍ വിട്ടുപോയെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല. ഷൂട്ടിങ്ങ് കഴിഞ്ഞൊരു ദിവസം തിരികെയെത്തുമെന്ന തോന്നലിലാണ് ജീവിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ ചേട്ടന്റെ മരണം സ്‌ക്രീനില്‍ കാണാനാവില്ല.
സിനിമയില്‍ അനിയന്റെ വേഷം എന്നോട് ചെയ്യാമോയെന്ന് വിനയന്‍ സാര്‍ ചോദിച്ചതാണ്. പക്ഷെ അത് ചെയ്യാനുള്ള മാനസികാവസ്ഥ ഇല്ലാതിരുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. സാറിന്റെ നിര്‍ബന്ധപ്രകാരമാണ് ചേട്ടന്‍ പാടി ഹിറ്റാക്കിയ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍…. എന്ന പാട്ട് ഞാന്‍ വീണ്ടും പാടിയത്. സിനിമയുടെ അവസാനമുള്ള ‘മേലേ പടിഞ്ഞാറ് സൂര്യന്‍’ എന്ന ഗാനം പാടാന്‍ സ്റ്റുഡിയോയില്‍ ചെന്നിട്ട് എനിക്ക് പാടാന്‍ സാധിച്ചില്ല. പൊട്ടിക്കരഞ്ഞാണ് സ്റ്റുഡിയോയില്‍ നിന്നിറങ്ങിയത്. പിന്നീടത് വേറെയൊരാള്‍ പാടുകയായിരുന്നു.
എല്ലാവരും പറയുന്നതുപോലെ കുടുംബവുമായിട്ട് ചേട്ടന്‍ അകല്‍ച്ചയിലൊന്നുമായിരുന്നില്ല. വീടിന്റെ അടുത്ത് തന്നെയാണ് പാടി. ഒരു കുടുംബാന്തരീക്ഷത്തിലേക്ക് സുഹൃത്തുകളെ കൂട്ടിക്കൊണ്ടുവന്ന് വീടിന്റെ സ്വസ്ഥത ഇല്ലാതെയാക്കാന്‍ ചേട്ടന്‍ ആഗ്രഹിച്ചിരുന്നില്ല. സുഹൃത്തുക്കളുടെയൊപ്പം ഒരു ഫാന്റസി ലോകം ചേട്ടനുണ്ടായിരുന്നു അതല്ലാതെ ഭാര്യയുമായി യാതൊരുവിധ അകല്‍ച്ചയുമില്ലായിരുന്നു.
സിനിമയില്‍ കാണിക്കുന്നത് പോലെ തന്നെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍വെച്ചാണ് ചേട്ടന്‍ ആദ്യമായി നിമ്മിയെ കാണുന്നത്. വീട്ടിലെ ചുറ്റുപാടുകളും അവസ്ഥകളുമെല്ലാം പറഞ്ഞതിന് ശേഷമായിരുന്നു വിവാഹം. നിമ്മി ഇപ്പോള്‍ അവരുടെ അനിയത്തിയുടെ വീട്ടിലാണ്. മകള്‍ എംബിബിഎസിന് പഠിക്കാന്‍ ചേര്‍ന്നു. അവരും സിനിമ കാണാനുള്ള സാധ്യതയില്ല. വിനയന്‍ സര്‍ ഞങ്ങളുടെ കുടുംബത്തിലെ അംഗം പോലെ തന്നെയാണ്. സിനിമ തുടങ്ങുന്നതിന് മുമ്പും ശേഷവുമെല്ലാം ഓരോ കാര്യവും സര്‍ ചര്‍ച്ച ചെയ്യുമായിരുന്നു. ഞാന്‍ ആകെ ആവശ്യപ്പെട്ട ഒരു കാര്യം ചേട്ടന്റെ വേഷം ചെയ്യുന്നയാള്‍ ഡ്യൂപ്പാകരുതെന്നായിരുന്നു. അത് സാറിനും നിര്‍ബന്ധമുണ്ടായിരുന്നു. സെന്തില്‍ കൃഷ്ണ നന്നായിട്ട് ചേട്ടന്റെ വേഷം ചെയ്തു എന്നാണ് എല്ലാവരും പറയുന്നത്.’. രാമകൃഷ്ണന്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.