മയക്കു മരുന്ന് കേസിൽ ഒളിവിൽ പോയ നടൻ കൃഷ്ണയെ അറസ്റ്റ് ചെയ്തു ; അന്വേഷണം രാഷ്ട്രീയത്തിലേക്ക്

','

' ); } ?>

മയക്കു മരുന്ന് കേസിൽ ഒളിവിലായിരുന്ന നടൻ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിൽ ഹാജരായ കൃഷ്ണയെ തൗസന്റ് ലൈറ്റ്‌സ് പോലീസ് സ്റ്റേഷനിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തമിഴിലെ ശ്രദ്ദിക്കപ്പെടുന്ന നടന്മാരിൽ ഒരാളാണ് കൃഷ്ണ. അണ്ണാ ഡിഎംകെ മുൻ അംഗം പ്രസാദിന് മയക്കുമരുന്നു കേസിൽ പങ്കുള്ളതിനാൽ രാഷ്ട്രീയബന്ധങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. ചില രാഷ്ട്രീയനേതാക്കൾക്കും മയക്കുമരുന്നു റാക്കറ്റുകളുമായി ബന്ധമുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സിനിമ-രാഷ്ട്രീയ രംഗത്തുനിന്നുള്ള ചിലരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.

കൊക്കെയ്ൻ ഉപയോഗിച്ചതിന് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കൃഷ്ണയുടെ പേരും പുറത്തു വരുന്നത്. കേരളത്തിൽ ഒളിവിലായിരുന്നെന്നു പറയുന്ന കൃഷ്ണ ബുധനാഴ്ച വൈകീട്ടോടെ നാടകീയമായി പോലീസിൽ കീഴടങ്ങുകയായിരുന്നു. താൻ മയക്കുമരുന്നിനടിമയല്ലെന്നും ഹൃദ്രോഗവും ഉദരസംബന്ധമായ അസുഖങ്ങളുമുള്ളതിനാൽ മയക്കുമരുന്ന് ഉപയോഗിക്കാൻ കഴിയില്ലെന്നും കൃഷ്ണ മൊഴി നൽകി. മയക്കുമരുന്ന് എത്തിച്ചുകൊടുത്തതിനു നേരത്തേ പിടിയിലായ അണ്ണാ ഡിഎംകെ മുൻ അംഗം പ്രസാദുമായി നേരിട്ട് ബന്ധമില്ലെന്നും കൃഷ്ണ മൊഴി നൽകിയിട്ടുണ്ട്.

തുടർന്ന് നടനെ വൈദ്യപരിശോധന നടത്തിയതിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. കൃഷ്ണയുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ പരിേശാധിച്ചതിലൂടെയാണ് പോലീസിന് തെളിവുകൾ ലഭിച്ചത്. കൃഷ്ണ ചിലരുമായി കോഡ് ഭാഷയിൽ ബന്ധപ്പെട്ടിരുന്നതായി ഇതിൽ കണ്ടെത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ടതായിരുന്നു ഇതിലെ ആശയവിനിമയം. മാത്രമല്ല, തന്റെ കാർ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പറിലൂടെ ബന്ധപ്പെട്ട് കൃഷ്ണ മയക്കുമരുന്ന് വാങ്ങിയതായും പോലീസ് കണ്ടെത്തി.

അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലായ് ഏഴുവരെ പുഴൽ ജയിലിലടച്ചിരിക്കുകയാണ്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ജോൺ എന്നിവർ പിടിയിലായതിനു പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്.