
മുംബൈയിൽ ഓഫിസ് ബോയ് ആയും ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ടെന്ന് ഓർമ്മകൾ പങ്കുവെച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കൂടാതെ സിനിമയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ എന്നും, റോഡിൽ വെച്ച് വട പാവ് കഴിക്കുമ്പോഴും ഇത്രയും ദൂരം എത്തുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല എന്നും അദ്ദേഹം പറഞ്ഞു. ‘കാന്താര; ചാപ്റ്റർ വൺ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിൽ നടത്തിയ ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം.
“മുംബൈ എനിക്ക് വളരെ സ്പെഷ്യൽ ആയൊരു സ്‌ഥലമാണ്. 2008ൽ അഡേരി വെസ്‌റ്റിലെ ഒരു പ്രൊഡക്ഷൻ ഹൗസിൽ ഓഫീസ് ബോയ് ആയിരുന്നു ഞാൻ. ഒരു നിർമാതാവിൻ്റെ ഡ്രൈവറായും ജോലി ചെയ്തു. സിനിമയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു സിനിമ നിർമിച്ചതിലൂടെ എനിക്ക് ഇത്രയധികം പ്രശസ്‌തിയും സ്നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആ പ്രൊഡക്ഷൻ ഹൗസിനടുത്തുള്ള റോഡിൽ വട പാവ് കഴിക്കുമ്പോഴും ഇത്രയും ദൂരം എത്തുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നുമില്ല. എല്ലാം നന്ദിയോടെ ഓർക്കുന്നു”. ഋഷഭ് ഷെട്ടി പറഞ്ഞു
ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം കാന്താര ചാപ്റ്റർ 1 ഇന്ന് തിയേറ്ററുകളിലെത്തി. മി കച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാന്താര ആദ്യ ഭാഗം നേടിയ അതേ വിജയം ഈ രണ്ടാം ഭാഗവും നേടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ബെസ്റ്റ് ക്ലൈമാക്സ് ആണ് സിനിമയുടേതെന്നും അഭിപ്രായമുണ്ട്. ഹൈപ്പ് കൂടുമ്പോൾ പടം വീഴുമെന്ന് കരുതിയെങ്കിൽ കാന്താരയുടെ കരായതിൽ അത് സംഭവിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.
കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.